തിരുവനന്തപുരം: കന്യാസ്ത്രീകള്‍ മഠത്തില്‍ അരക്ഷിതരെന്ന് സിസ്റ്റര്‍ ജെസ്മി. എതിര്‍ത്ത് നില്‍ക്കുന്നവര്‍ക്കും അപ്രിയ സത്യങ്ങള്‍ പറയുന്നവര്‍ക്കും സുരക്ഷിതമായി മഠത്തില്‍ തങ്ങാനാകില്ല. സ്വന്തമായി നിലനില്‍പ്പുണ്ട് കന്യാസ്ത്രീകള്‍ക്കെന്ന് കണ്ടാല്‍ മാനസിക രോഗിയായി ചിത്രീകരിക്കാന്‍ പോലും സഭ മടിക്കില്ല. അങ്ങനെ ഉള്ള ശ്രമങ്ങള്‍ തനിക്കെതിരെ നടന്നിട്ടുണ്ടെന്നും സിസ്റ്റര്‍ ജെസ്മി പ്രതികരിച്ചു.
സഭയില്‍ നിന്ന് പുറത്ത് പോകണമെന്ന് ആവശ്യപ്പെട്ട് സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കെതിരെ സന്യാസിനി സഭ നോട്ടീസ് നല്കിയ സംഭവത്തോട് പ്രതികരിക്കവേയാണ് തന്റെ അനുഭവങ്ങള്‍ ജെസ്മി പങ്കുവെച്ചത്. മാനസിക രോഗിയാക്കി മാറ്റാന്‍ മരുന്ന് കുത്തിവയ്ക്കുന്നതടക്കമുള്ള ഭീഷണികളെ സിസ്റ്റര്‍ ലൂസി കളപ്പുര കരുതിയിരിക്കണമെന്നും സിസ്റ്റര്‍ ജെസ്മി മുന്നറിയിപ്പ് നല്കുന്നു.
പുറത്താക്കുന്നെങ്കില് പുറത്താക്കട്ടെ എന്ന സിസ്റ്റര്‍ ജെസ്മിയുടെ നിലപാട് സ്വാഗതാര്‍ഹമാണ്. സഭാ ചട്ടക്കൂടില്‍ നിന്ന് പുറത്ത് വന്നാലും സന്യാസിനിയായി തുടരാന്‍ ഒരു തടസവുമില്ലെന്നും സിസ്റ്റര്‍ ജെസ്മി പ്രതികരിച്ചു.
സഭയില്‍ നിന്നും പുറത്തു പോകണമെന്നാവശ്യപെട്ടാണ് സന്യാസിനി സഭ സിസ്റ്റര്‍ ലൂസി കളപ്പുരക്ക് വീണ്ടും നോട്ടീസ് അയച്ചിരിക്കുകയാണ്. പുറത്തു പോയില്ലെങ്കില്‍ പുറത്താക്കുമെന്നാണ് നോട്ടീസിലെ മുന്നറിയിപ്പ്. ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്തുവെന്നതാണ് സിസ്റ്റര്‍ക്കെതിരെ ചുമത്തിയ പ്രധാന കുറ്റം. കാറുവാങ്ങിയതും ശമ്പളം മഠത്തിന് നല്‍കാത്തതും ദാരിദ്ര്യ വ്രതത്തിനു വിരുദ്ധമാണെന്നും നോട്ടീസില്‍ പറയുന്നുണ്ട്.
അതേസമയം, സഭയില്‍ തന്നെ തുടരുമെന്നും സ്വയം പുറത്ത് പോകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും സന്യാസിനിയായി തുടരുമെന്നും സിസ്റ്റര്‍ ലൂസി കളപ്പുര നിലപാടെടുത്തിരിക്കുകയാണ്.
Discussion about this post