ഇനിയും തര്‍ക്കിച്ച് തീരാതെ ബിജെപി; തൃശ്ശൂരില്‍ വടക്കന്‍ കൂടിയെത്തിയതോടെ പത്തനംതിട്ടയ്ക്ക് വേണ്ടി തമ്മില്‍ തല്ലി സുരേന്ദ്രനും ശ്രീധരന്‍ പിള്ളയും; തര്‍ക്കം മുറുകുന്നെന്ന് സൂചന

ന്യൂഡല്‍ഹി: ഒരുമാസത്തോളം സമയം മാത്രം വോട്ടെടുപ്പിന് അവശേഷിക്കെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ എങ്ങുമെത്താതെ ബിജെപി. സ്ഥാനാര്‍ത്ഥികളെ നാളെ ഡല്‍ഹിയില്‍ ചേരുന്ന പാര്‍ട്ടി തെരഞ്ഞെടുപ്പ് കമ്മിറ്റി തീരുമാനിക്കുമെന്നാണ് സൂചന. അതേസമയം, ബിജെപി ഏറെ വിജയസാധ്യത കല്‍പ്പിക്കുന്ന പത്തനംതിട്ട, തൃശ്ശൂര്‍ സീറ്റുകളില്‍ ഇനിയും തര്‍ക്കം തുടരുകയാണ്. തൃശ്ശൂര്‍ സീറ്റ് കെ സുരേന്ദ്രനും പത്തനംതിട്ട സീറ്റ് പിഎസ് ശ്രീധരന്‍പിള്ളയ്ക്കുമെന്നായിരുന്നു മുമ്പ് പറഞ്ഞ് കേട്ടിരുന്നത്. എന്നാല്‍ ടോം വടക്കന്റെ പ്രവേശനത്തോടെ തൃശ്ശൂര്‍ സീറ്റില്‍ കെസുരേന്ദ്രന് സാധ്യതയില്ല. അതേസമയം, പത്തനംതിട്ട വേണമെന്ന് സുരേന്ദ്രനും വിട്ടുനല്‍കാന്‍ തയ്യാറാകാതെ ശ്രീധരന്‍പിള്ളയും ഉറച്ചുനില്‍ക്കുന്നതിനാല്‍ ും ഈ സീറ്റില്‍ ദേശീയ അധ്യക്ഷന്‍ അന്തിമതീരുമാനമെടുക്കും.

സംസ്ഥാന അധ്യക്ഷനും ജനറല്‍സെക്രട്ടറിയും തമ്മിലുള്ള തര്‍ക്കം മറനീക്കി പുറത്തുവരാനും സാധ്യതയുണ്ട്. ഇരുവരും വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ല. സംസ്ഥാനത്ത് പലവട്ടം ചര്‍ച്ച നടത്തിയിട്ടും സമവായമായില്ല. ഇനി ഡല്‍ഹി ചര്‍ച്ചകളില്‍ തീരുമാനമെടുക്കും. ശ്രീധരന്‍പിള്ളയും കുമ്മനംരാജശേഖരനും ഇന്ന് വൈകീട്ട് ഡല്‍ഹിക്ക് പോകും.

പത്തനംതിട്ടയില്‍ അമിത്ഷാ തന്നെയാകും അന്തിമതീരുമാനമെടുക്കുക. ശ്രീധരന്‍പിള്ളക്കാണ് നറുക്കെങ്കില്‍ സുരേന്ദ്രന് പകരം ഏത് സീറ്റ് നല്‍കുമെന്നതും പാര്‍ട്ടിക്ക് തലവേദനയാകും. സുരേന്ദ്രന്‍ ആഗ്രഹിക്കുന്ന രണ്ടാം സീറ്റായ തൃശൂരില്‍ ബിഡിജെഎസിന്റെ കൂടി അഭിപ്രായം ആരായണം. തുഷാര്‍ വെള്ളാപ്പള്ളിക്കും താല്‍പര്യമുള്‌ള സീറ്റാണ് തൃശ്ശൂര്‍. ഇതോടെ മൂന്ന് സ്ഥാനാര്‍ത്ഥികള്‍ ആഗ്രഹിക്കുന്ന തൃശ്ശൂരില്‍ ആര്‍ക്കാണ് നറുക്ക് വീഴുക എന്നതും ഫോട്ടോ ഫിനിഷില്‍ വ്യക്തമാകുകയുള്ളൂ. തുഷാര്‍ മത്സരിക്കുമെന്നാണ് പറഞ്ഞു കേള്‍ക്കുന്നതെങ്കിലും, വെള്ളാപ്പള്ളിയുമായി ആലോചിച്ച് അന്തിമനിലപാട് അറിയിക്കാമെന്നാണ് തുഷാര്‍ ബിജെപിയോട് പറഞ്ഞത്.

കോണ്‍ഗ്രസ്സിലായിരിക്കെ 2009ല്‍ തൃശൂരില്‍ മത്സരിക്കാനുള്ള ടോം വടക്കന്റെ ആഗ്രഹം പാര്‍ട്ടിക്കാര്‍ പ്രതിഷേധിച്ചതിനാല്‍ നടക്കാതെ പോവുകയായിരുന്നു. അതിനാല്‍ തന്നെ, തൃശ്ശൂര്‍ അല്ലെങ്കില്‍ ചാലക്കുടിയില്‍ വടക്കനെ ഇറക്കാനാണ് സാധ്യത.

Exit mobile version