വയനാട്: വയനാട്ടില്‍ വീണ്ടും കാട്ടുതീ. പാതിരി സൗത്ത് സെക്ഷനില്‍ ഓര്‍ക്കോട്ടു മൂലയിയില്‍ ഇന്നലെ ഉച്ചകഴിഞ്ഞ് 2 മണിയോടെയാണ് കാട്ടുതീ പടര്‍ന്ന് പിടിച്ചത്. തീ പടരുന്നത് ഫയര്‍ വാച്ചര്‍മാരുടെ ശ്രദ്ധയില്‍പ്പെട്ടു.
തുടര്‍ന്ന് ഉടന്‍ തന്നെ ഇവര്‍ വനം വകുപ്പിനെ അറിയിച്ചതിനെ തുടര്‍ന്ന് പുല്‍പള്ളി, ഇരുളം, നെയ്ക്കുപ്പ, വെള്ളമുണ്ട എന്നിവിടങ്ങളിലെ നൂറോളം ജീവനക്കാര്‍ എത്തി വൈകിട്ട് 6 മണിയോടെ തീ പൂര്‍ണമായും നിയന്ത്രണ വിധേയമാക്കി.
അടിക്കാടുകളും പുല്ലും കരിഞ്ഞ് ഉണങ്ങിയതാണ് പെട്ടന്ന് തീ പടര്‍ന്ന് പിടിക്കാന്‍ കാരണം. അഗ്നിശമന സേനയുടെ യൂണിറ്റിന് എത്താന്‍ പറ്റാത്ത സ്ഥലത്തായിരുന്നു തീപിടിത്തം. വനം വകുപ്പ് ചെതലയം റേഞ്ചര്‍ പി രതിശന്റെ നേതൃത്വത്തിലുള്ള സംഘം സമയോചിതമായി കെടുത്തിയതിനാല്‍ തീ കൂടുതല്‍ സ്ഥലത്തേക്ക് പടര്‍ന്നു പിടിച്ചില്ല.
അതേസമയം ഇന്നലെ ഓര്‍ക്കോട്ട് മേഖലയില്‍ ഉണ്ടായ കാട്ടു തീ മനുഷ്യ നിര്‍മിതമെന്നാണ് വനം വകുപ്പ് വിലയിരുത്തുന്നത്. തീ പിടിത്തതില്‍ ഒന്നര ഹെക്ടറോളം വനഭൂമി കത്തിനശിച്ചു.