കാഞ്ഞങ്ങാട്: വിശ്വാസികള്‍ ഒരു രൂപ പോലും ക്ഷേത്രങ്ങളിലെ കാണിക്കവഞ്ചികളില്‍ ഇടരുതെന്നും കാണിക്കവഞ്ചികള്‍ ചുട്ടെരിക്കണമെന്നും ബിജെപി എംപിയും നടനുമായ സുരേഷ് ഗോപി. എങ്കില്‍ മാത്രമേ അമ്പലങ്ങളെ സര്‍ക്കാരിന്റെ പിടിയില്‍ നിന്ന് രക്ഷിക്കാന്‍ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്കും കോണ്‍ട്രാക്ടര്‍മാര്‍ക്കും പണം നല്‍കരുത്. ഭക്തര്‍ തന്നെ മുന്‍കൈയെടുത്ത് സ്വന്തമായി ക്ഷേത്രങ്ങള്‍ നിര്‍മ്മിക്കണം. ഇത്തരമൊരു ഓര്‍മ്മപ്പെടുത്തലിനാണ് ചീഫ് ജസ്റ്റിസായിരുന്ന ദീപക് മിശ്രയെ കൊണ്ട് ഈ വിധി പുറപ്പെടുവിച്ചതെന്നും സുരേഷ് ഗോപി പറഞ്ഞു.
ധാര്‍ഷ്ട്യം നിറഞ്ഞ നിലപാടാണ് സര്‍ക്കാര്‍ ശബരിമല വിഷയത്തില്‍ സ്വീകരിച്ചത്. അതുകൊണ്ടാണ് ഇപ്പോള്‍ വാതിലുകള്‍ തോറും വിശദീകരണം നല്‍കേണ്ടി വരുന്നത്. ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് തക്കതായ ശിക്ഷ നല്കാന് അയ്യപ്പനോട് പ്രാര്‍ത്ഥിച്ചിട്ടുണ്ട്. അങ്ങേയറ്റം വേദനയോടെയാണ് ഇത് പറയുന്നത്.
സര്‍ക്കാരിനോട് തനിക്ക് ശത്രുതയില്ലെന്നും ഭീരുത്വം കൊണ്ടാണ് സര്‍ക്കാര്‍ ഇത്തരം നിലപാട് സ്വീകരിച്ചതെന്നും സുരേഷ് ഗോപി പറഞ്ഞു.
Discussion about this post