കായംകുളം. ആളുമാറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ച എസ്ഐമാരുള്‍പ്പെടെ മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകും. പെണ്‍കുട്ടിയോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ വിദ്യാര്‍ത്ഥികളെ ആളുമാറി മര്‍ദ്ദിച്ചുവെന്ന് ഡിവൈഎസ്പി ആര് ബിനു നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിരുന്നു.
ഈ സാഹചര്യത്തില്‍ ഡിവൈഎസ്പി ജില്ലാ പോലീസ് മേധാവിക്ക് നടപടിയ്ക്ക് ശുപാര്‍ശ നല്കി.ഇന്നലെ വൈകീട്ടോടെ എരുവ തുണ്ടുപറമ്പില്‍ ഹയറുന്നിസയുടെയും പരേതനായ ഷാജഹാന്റെയും മകന് ഷാദിലിനേയും ഹയറുന്നിസയുടെ സഹോദരന് നിസാമിന്റെ മകന് ഷാഹിദിനെയുമാണ് പോലീസ് മര്‍ദ്ദിച്ചത്.
എംഎസ്എം ഹൈസ്കൂളിനടുത്തുള്ള പുത്തന്‍തെരുവ് പള്ളിയില്‍ നിന്നും പ്രാര്‍ത്ഥന കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുകയായിരുന്ന ഇവരെ പോലീസ് തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ചെന്ന് ബന്ധുക്കള്‍ പരാതി നല്കി. മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥികളെ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഡിവൈഎസ്പി നേരിട്ട് ആശുപത്രിയിലെത്തുകയും മൊഴിയെടുക്കുകയും ചെയ്തു.
അതിനുശേഷമാണ് അന്വേഷണ റിപ്പോര്‍ട്ടും നടപടിക്കുളള ശുപാര്‍ശയും ജില്ലാ പോലീസ് മേധാവിക്ക് നല്‍കിയത്. പെണ്‍കുട്ടിയോട് മോശമായി പെരുമാറിയത് ചുവന്ന ഷര്‍ട്ടിട്ടയാളാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പളളിയുടെയടുത്തെത്തിയത്.
ചുവന്ന ഷര്‍ട്ടിട്ട ഷാദിലിനേയും ഒപ്പമുണ്ടായിരുന്ന ഷാഹിദിനേയും പോലീസ് അവിടെവെച്ച് കണുകയും മര്‍ദ്ദിക്കുകയുമായിരുന്നെന്ന് ബന്ധുക്കള്‍ നല്കിയ പരാതിയില്‍ പറയുന്നു. അതേയമയം വിശദമായ ചോദ്യം ചെയ്യലിലൂടെ പെണ്‍കുട്ടിയോട് മോശമായി സംസാരിച്ചത് ഇവരല്ലെന്ന് കണ്ടെത്തി.
Discussion about this post