കോഴിക്കോട്: രണ്ട് ദിവസത്തെ കേരളാ സന്ദര്‍ശനത്തിനെത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പരിപാടികള്‍ക്ക് തുടക്കമിടാന്‍ ഇന്ന് കോഴിക്കോടെത്തും. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ട സ്ഥാനാര്‍ത്ഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് മുതിര്‍ന്ന നേതാക്കളുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ ചര്‍ച്ച നടത്തിയേക്കും.
ആര് മത്സരിക്കുമെന്ന കാര്യത്തില്‍ ഇപ്പോഴും ആശയക്കുഴപ്പങ്ങളും കേരളകോണ്‍ഗ്രസ് എമ്മിലെ പോരും നിലനില്‍ക്കുകയാണ്. എങ്കിലും ലീഗ് സ്ഥാനാര്‍ത്ഥികളായ കുഞ്ഞാലിക്കുട്ടിയേയും ഇടി മുഹമ്മദ് ബഷീറിനെയും ജനമഹാറാലിയുടെ വേദിയില്‍ അണിനിരത്തും.
ഇന്ന് രാവിലെ തൃപയാറില്‍ വെച്ച് നടക്കുന്ന ഫിഷര്‍മാന്‍ പാര്‍ലമെന്റില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കും. അതിനുശേഷം കണ്ണൂരിലേക്ക് തിരിക്കുന്ന അദ്ദേഹം ഷുഹൈബിന്റെ കുടുംബാംഗങ്ങളെ കാണും. ശേഷം കാസര്‍കോട് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്ലാലിന്റെയും കൃപേഷിന്റെയും വീടുകള്‍ സന്ദര്‍ശിക്കും.
വൈകീട്ട് നാലരയോടെ ജനമഹാറാലിയില്‍ പങ്കെടുക്കാന്‍ അദ്ദേഹം എത്തും.അതേസമയം കോണ്‍ഗ്രസിന്റെയും മറ്റ് കക്ഷികളുടെയും സ്ഥാനാര്‍ത്ഥികള്‍ക്കായി വോട്ട് തേടാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വീണ്ടും കേരളത്തിലെത്തുമെന്ന് നേതാക്കള്‍ വ്യക്തമാക്കി.
Discussion about this post