തിരുവനന്തപുരം: എറണാകുളം സിറ്റിങ് എംപി കെവി തോമസ് തന്റെ പേരില്‍ മണ്ഡലത്തില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണങ്ങളെ തള്ളി രംഗത്ത്. പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുന്നതിന് മുന്നേ തന്റെ പേരില്‍ പ്രചാരണം ആരംഭിച്ചത് പ്രോല്‍സാഹിപ്പിക്കാവുന്ന കാര്യമല്ലന്ന് കെ വി തോമസ് മാധ്യമങ്ങളോട്പറഞ്ഞു. താന്‍ സ്ഥാനാര്‍ത്ഥിയാകണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് പാര്‍ട്ടി നേതൃത്വമാണെന്നും പാര്‍ട്ടിയുടെ അന്തിമ തീരുമാനം വരുന്നതിന് മുന്നേ തന്റെ പേരില്‍ പ്രചാരണം തുടങ്ങിയത് ശരിയായ നടപടിയല്ലെന്നും പറഞ്ഞു. എന്നാല്‍ തെരഞ്ഞെടുപ്പ് കാലത്ത് ഇത്തരം സംഭവങ്ങളെല്ലാം സര്‍വ്വസാധാരണമാണെന്നും കെവി തോമസ് ന്യായീകരിച്ചു.
അതേസമയം, തന്റെ സമ്മതമില്ലാതെയാണോ ചെറായി ഭാഗത്തടക്കം ചുവരെഴുത്തുകള്‍ പ്രത്യക്ഷപ്പെട്ടതെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. പ്രചാരണവുമായി ബന്ധപ്പെട്ട കൂടുതല്‍ ചോദ്യങ്ങളുയര്‍ന്നതോടെ കെവി തോമസ് ക്ഷുഭിതനായി. ചോദ്യങ്ങള്‍ ചോദിക്കാന്‍ പഠിക്കണമെന്നും കുറച്ചുകൂടി പക്വതയോടെ പെരുമാറാന്‍ തയ്യാറാകാണമെന്നും അദ്ദേഹം ആക്രോശിച്ചു.
എറണാകുളത്തെ സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് ജില്ലാ- സംസ്ഥാന നേതൃത്വങ്ങളുടെ പരിഗണനയില്‍ തന്റെ പേര് മാത്രമാണുള്ളതെന്നാണ് കെവി തോമസ് നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോള്‍ വരുത്തിയ നിലപാട് മാറ്റം ഹൈബി ഈഡന്റെ സ്ഥാനാര്‍ത്ഥിത്വമാണ് സൂചിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം, യുഡിഎഫില്‍ സീറ്റ് ചര്‍ച്ചകള്‍ ചൂട് പിടിക്കുന്നതിനിടെയാണ് ചെറായി ഭാഗത്ത് തോമസ് മാഷ് എന്നും ജനങ്ങള്‍ക്കൊപ്പം എന്ന പേരില്‍ കട്ടൗട്ടുകള്‍ ഉയര്‍ന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവന്നതോടെ പ്രചാരണവും ശക്തമായി. കെവി തോമസിന് കൈപ്പത്തി ചിഹ്നത്തില്‍ വോട്ട് ചെയ്യണമെന്നഭ്യര്ത്ഥിച്ചുള്ള ചുവരെഴുത്തുകളും വലിയ ഫ്ളക്സുകളും പ്രത്യക്ഷപ്പെട്ടത് കോണ്‍ഗ്രസിനകത്ത് തന്നെ ആശയക്കുഴപ്പവും സൃഷ്ടിച്ചിരുന്നു. എറണാകുളം സീറ്റിലൊഴികെ മറ്റിടങ്ങളില്‍ സിറ്റിങ് എംപിമാര്‍ തന്നെ മത്സരിക്കുമെന്നായിരുന്നു കോണ്‍ഗ്രസില്‍ രൂപപ്പെട്ട ധാരണ. ഇതിനിടെയാണ് കെവി തോമസ് എറണാകുളത്ത് സ്വന്തം നിലയില്‍ പ്രചാരണം ആരംഭിച്ചത്. കോണ്‍ഗ്രസിലെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ എംപിയുടെ പ്രവര്‍ത്തനങ്ങളില്‍ തൃപ്തരുമല്ല.
Discussion about this post