കാഞ്ഞങ്ങാട്: കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടയില്‍ കേരളം കണ്ട ഏറ്റവും വലിയ പ്രളയം ജനങ്ങളെ മുഴുവന്‍ ദുരിതത്തിലാക്കിയെങ്കിലും പുതുജീവിതം ലഭിക്കാന്‍ പ്രളയം നിമിത്തമായതിന്റെ അമ്പരപ്പ് ഇനിയും മാറിയിട്ടില്ല കാസര്‍കോട്ടെ ബിനുവിന്. വയസ് 33 ആയെങ്കിലും വിവാഹം കഴിക്കാന്‍ പെണ്‍കുട്ടിയെ ലഭിക്കാതെ പോയ ബിനുവിന്റെ ജീവിതത്തിലേക്ക് ഭാഗ്യം പോലെ കടന്നുവരികയായിരുന്നു മാവേലിക്കര സ്വദേശിനി ദീപ്തി. മഹാപ്രളയത്തിനിടയില്‍ മൊട്ടിട്ട പ്രണയം എട്ടുമാസത്തിനൊടുവില്‍ ഈ മീനം രണ്ടിന് താലികെട്ടില്‍ എത്തി നില്‍ക്കുകയാണ്.
രാവണീശ്വരം മാക്കിയിലെ ബിനു(33)വിന്റെയും മാവേലിക്കര തഴക്കരയിലെ ദീപ്തി(25)യുടെയും ഈ പ്രളയകാല പ്രണയം സിനിമാക്കഥപോലെ കിടിലനാണ്. തഴക്കരയിലെ വാലയ്യത്ത് വീട്ടില്‍ മോഹനന്റെയും ഉഷയുടെയും മകളാണ് ദീപ്തി. കാഞ്ഞങ്ങാട് രാവണീശ്വരം മാക്കിയിലെ കീപ്പാട്ട് വീട്ടിലെ കെവി അമ്മാളുവിന്റെയും പരേതനായ ടി ആണ്ടിയുടെയും മകനാണ് കെ ബിനു.
പ്രളയാനന്തര ദുരിതാശ്വാസ പ്രവര്‍ത്തനത്തിനായാണ് പെരിയയിലെ ഗണേശ് ലൈറ്റ് ആന്‍ഡ് സൗണ്ട് സ്ഥാപനത്തിലെ സൗണ്ട് എന്‍ജിനീയര്‍ ബിനു ഉള്‍പ്പെട്ട കനല് പാട്ടുകൂട്ടം വാട്സ്ആപ്പ് കൂട്ടായ്മ പ്രവര്‍ത്തകര്‍ മാവേലിക്കരയിലെത്തിയത്. കൂട്ടായ്മയില്‍ അംഗമായ മാവേലിക്കര തഴക്കരയിലെ ദീപ്തിയുടെ വീട്ടിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഇവരെത്തി. ദീപ്തിയുടെ വീട്ടുകാരുമായി സൗഹൃദം പങ്കുവെക്കുന്നതിനിടിയല്‍ ബിനുവിന്റെ കുടുംബകാര്യവും ചര്‍ച്ചയ്ക്കെത്തി.
മുപ്പത് കഴിഞ്ഞിട്ടും കല്യാണമായില്ലേ എന്നായിരുന്നു ബിനുവിനോട് ആദ്യം ചോദിച്ച ചോദ്യം. ആദ്യമൊന്ന് തലതാഴ്ത്തിയെങ്കിലും വൈകാതെ ബിനുവിന്റെ കൃത്യമായ മറുപടി വന്നു. ‘കാസര്‍കോട് പെണ്ണ് കിട്ടാന്‍ വളരെ കഷ്ടാണ്… ആര്‍ക്കും തൊഴിലാളികളെ വേണ്ട… എല്ലാ പെണ്‍കുട്ടികള്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരെ മതി… അതുമല്ലെങ്കില്‍ ഗള്‍ഫിലേക്ക് കൊണ്ടുപോകുന്ന ചെക്കന്‍ന്മാരെ…ഇതിലൊന്നും പെടാത്തവരുടെ കാര്യം കഷ്ടമാണ്’ ഇതോടെ ബിനുവിന്റെ കാര്യം കൂട്ടായ്മയില്‍ വലിയ ചര്‍ച്ചയായി.
ഇതൊക്കെ കേട്ട് ദീപ്തിയും ഒരു അരികില്‍ മൗനസാക്ഷിയായി നിന്നിരുന്നു. ഇതിനിടെ ബിനു ദീപ്തിയോട് തോന്നിയ പ്രണയം നേരിട്ട് തന്നെ അറിയിച്ചു. ഒരു ചെറുപുഞ്ചിരിമാത്രമായിരുന്നു പ്രതികരണം. പിന്നീട് ദീപ്തിയുടെ അച്ഛനും അമ്മയും അടുത്ത ദിവസം കാസര്‍കോട്ട് വരുന്നുണ്ടെന്നും വീടും ചുറ്റുപാടും കാണണമെന്നും അറിയിച്ചപ്പോള്‍ ഞെട്ടിയത് ശരിക്കും ബിനുവായിരുന്നു. എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ നഴ്സാണ് ദീപ്തി.
ഇതിനിടയില്‍ വീട്ടുകാര്‍ പരസ്പരം സംസാരിച്ച് വിവാഹ ഒരുക്കങ്ങള്‍ മുന്നോട്ടു നീക്കി. കല്യാണനിശ്ചയം വലിയ ചടങ്ങായി ഒന്നും നടത്തിയില്ല. വെള്ളിയാഴ്ച രാവണീശ്വരത്തുനിന്നും ബിനുവിന്റെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും അടങ്ങുന്ന 30 അംഗസംഘം മാവേലിക്കരയിലേക്ക് പുറപ്പെടും. മാവേലിക്കര വഴുവാടി സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ വെച്ച് ശനിയാഴ്ച ബിനു ദീപ്തിയെ താലികെട്ടി സ്വന്തമാക്കും.
Discussion about this post