41 ശതമാനം വനിതാ പ്രാതിനിധ്യം; മമതാ ബാനര്‍ജിയെ അഭിനന്ദിച്ച് വിടി ബല്‍റാം; കോണ്‍ഗ്രസില്‍ എത്ര വനിതാ സീറ്റുകളുണ്ടെന്ന് തിരിച്ചടിച്ച് സോഷ്യല്‍മീഡിയ

തൃശ്ശൂര്‍: 17ാം ലോക്‌സഭയിലേക്ക് മാറ്റുരയ്ക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. സ്ഥാനാര്‍ത്ഥികളില്‍ 40.5 ശതമാനവും വനിതകളായിരിക്കുമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി തന്നെയാണ് പ്രഖ്യാപിച്ചത്. ഈ തീരുമാനത്തിന് സോഷ്യല്‍മീഡിയയിലും രാഷ്ട്രീയ ലോകത്തും വലിയ കൈയ്യടിയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കേരളത്തിലെ കോണ്‍ഗ്രസിന്റെ യുവ എംഎല്‍എ വിടി ബല്‍റാമും മമതയുടെ തീരുമാനത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു.

’42 സീറ്റില്‍ 17ലും വനിതാ സ്ഥാനാര്‍ത്ഥികള്‍. 41% സ്ത്രീ പ്രാതിനിധ്യം. ചരിത്രപരമായ ഈ സ്ത്രീപക്ഷ ഇടപെടലിന് മമത ബാനര്‍ജിക്ക് അഭിനന്ദനങ്ങള്‍’- എന്നാണ് ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചത്.

പിന്നാലെ ബല്‍റാമിന്റെ പോസ്റ്റും സോഷ്യല്‍മീഡിയയില്‍ വലിയ ചര്‍ച്ചയായി. മമതയെ അഭിനന്ദിക്കാന്‍ മനസുകാട്ടിയ ബല്‍റാമിനെ വാഴ്ത്തലുകള്‍ ലഭിക്കുന്നുണ്ടെങ്കിലും, കോണ്‍ഗ്രസിലെ വനിതാ പ്രാതിനിധ്യം എന്താണെന്ന ചോദ്യവുമായി നിരവധിപേര്‍ രംഗത്തെത്തിയിരിക്കുകയാണ്.

എത്ര കാലമായി കോണ്‍ഗ്രസിന് കേരളത്തില്‍ നിന്ന് ഒരു വനിതാ എംപി ഉണ്ടായിട്ട് എന്നതിനെ സംബന്ധിച്ച് താങ്കള്‍ക്ക് എന്തെങ്കിലും ധാരണയുണ്ടോയെന്നും ഇത്തവണയെങ്കിലും, കേരളത്തിലെ കോണ്‍ഗ്രസ് പട്ടികയില്‍ ഒരു സ്ത്രീയെങ്കിലും ഇടംപിടിക്കുമോയെന്ന ചോദ്യവും ചിലര്‍ കമന്റ് ചെയ്തിട്ടുണ്ട്.

Exit mobile version