കൊച്ചി: സംസ്ഥാനത്തെ ക്യാംപസുകളില്‍ വ്യാജ റിക്രൂട്ട്മെന്റ് നടത്തി 152 പേരില്‍നിന്നു പണം തട്ടിയെടുത്ത ദമ്പതികള്‍ അറസ്റ്റില്‍. കേസില്‍ തിരുവനന്തപുരം നേമം മുക്കുനട രജനി നിവാസില്‍ ശങ്കര്‍, ഭാര്യ രേഷ്മ എന്നിവരെ സെന്‍ട്രല്‍ പോലീസാണ് അറസ്റ്റ് ചെയ്തത്. എംജി റോഡില്‍ ‘കണ്‍സെപ്റ്റീവ്’ എന്ന സ്ഥാപനം തുടങ്ങിയ ശേഷം ഓണ്‍ലൈന്‍ സൈറ്റില്‍ പരസ്യം നല്കി, വിദ്യാര്‍ത്ഥികളായ ചിലര്‍ക്കു ജോലി വാഗ്ദാനം ചെയ്താണു തട്ടിപ്പിനു തുടക്കമിടുന്നതെന്ന് എസ്ഐ കെ സുനുമോന്‍ അറിയിച്ചു.
എച്ച്ആര്‍, അക്കൗണ്ട്സ് വിഭാഗങ്ങളിലേക്കെന്നു പറഞ്ഞ് ഇവരുടെ ക്യാംപസുകളില്‍ അഭിമുഖം നടത്തുകയും ബാങ്ക് അക്കൗണ്ട് തുറക്കാനെന്ന പേരില്‍ 1000 രൂപ അപേക്ഷകരില്‍നിന്നു വാങ്ങുകയുമാണു ചെയ്യുന്നത്. എറണാകുളം ജില്ലയിലെ 3 ക്യാംപസുകളില്‍ ഇവര്‍ അഭിമുഖം നടത്തി. 152 പേരില്‍ നിന്ന് 1000 രൂപ വീതം തട്ടിയെടുത്തു. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ഡിപാര്‍ച്ചര്‍ ടെര്‍മിനലിനു മുന്നില്‍നിന്ന് അപേക്ഷകരെ വിഡിയോകോള്‍ വിളിക്കും. മലേഷ്യയിലേക്കു പോവുകയാണെന്നു പറഞ്ഞശേഷം മുങ്ങുകയാണു പതിവ്. തമ്മനത്ത് ഇതേ രീതിയില്‍ തട്ടിപ്പു നടത്താന്‍ ശ്രമിക്കുന്നതിനിടെയാണു പിടിയിലായത്.
Discussion about this post