കേരളത്തിന്റെ നേട്ടം അങ്ങ് അമേരിക്കയിലും; വായിച്ചറിഞ്ഞ ആ കൊച്ചു കേരളത്തെ കാണാന്‍ ഡിയാനാ എത്തിയത് കമ്മ്യൂണിസം നെഞ്ചിലേറ്റി; പി രാജീവിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുത്ത് മടക്കം

നിപ്പ വൈറസ്, പ്രളയം, ഓഖി തുടങ്ങിയവയെ അതിജീവിച്ചത് കേരളത്തിന്റെ ഏറ്റവും വലിയ സവിശേഷതയാണ്.

കൊച്ചി: സര്‍വ്വ നേട്ടങ്ങളും കൈവരിച്ച് വികസനത്തിന്റെ പാതയില്‍ മുന്നേറുകയാണ് കേരളം. ഇപ്പോള്‍ ആ നേട്ടം അങ്ങ് അമേരിക്കയിലും ചര്‍ച്ചയായിരിക്കുകയാണ്. അമേരിക്കയിലെ പ്രധാന പത്രമായ വാഷിങ്ങ്ടണ്‍ പോസ്റ്റിലെ വാര്‍ത്ത വായിച്ചാണ് ഡിയാന ക്രൂസ്മാനിന് കേരളത്തോടും കേരളത്തെ നയിക്കുന്ന സര്‍ക്കാരിലും പ്രിയം തോന്നിയത്. ഉടനെ വെച്ചു പിടിച്ചു കേരളത്തിലേയ്ക്ക്. അതും കമ്മ്യൂണിസം നെഞ്ചിലേറ്റികൊണ്ട്.

അമേരിക്കയിലെ യൂണിവേഴസിറ്റി ഓഫ് സതേണ്‍ കാലിഫോര്‍ണിയയില്‍ അവസാന വര്‍ഷ ജേര്‍ണലിസം വിദ്യാര്‍ത്ഥിയാണ് ഡിയാനാ ക്രൂസ്മാന്‍. നിപ്പ വൈറസ്, പ്രളയം, ഓഖി തുടങ്ങിയവയെ അതിജീവിച്ചത് കേരളത്തിന്റെ ഏറ്റവും വലിയ സവിശേഷതയാണ്. ആ അതിജീവനം തന്നെയാണ് ഡിയാനയെ ആകര്‍ഷിച്ചതും. റഷ്യയിലാണ് ഡിയാനയുടെ ജനനം. മാതാപിതാക്കളും മുത്തശ്ശിമാരും റഷ്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രധാന പ്രവര്‍ത്തകരായിരുന്നെന്ന് അവര്‍ പറയുന്നു.

കേരളം സന്ദര്‍ശിക്കണമെന്ന അവളുടെ ആഗ്രഹം അവള്‍ അധ്യാപകരോട് പറഞ്ഞു. അധ്യാപക ദമ്പതികളെയും കൂട്ടി കേരളത്തിലേക്ക് വരികയായിരുന്നു. കൊച്ചിയിലെത്തിയ അവര്‍ സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി ഓഫീസായ ലെനില്‍ സെന്ററിലേയ്ക്ക് എത്തി. സിപിഎം ജില്ലാ സെക്രട്ടറി സിഎന്‍ മോഹനനെ നേരില്‍ കണ്ട് കേരളത്തെക്കുറിച്ചും മറ്റും ചോദിച്ച് അറിയുവാന്‍ തുടങ്ങി. പാര്‍ട്ടി ഓഫീസിലെ ലൈബ്രറിയില്‍ കയറി ഇംഗീഷ് പുസ്തകങ്ങള്‍ തെരെഞ്ഞെടുത്തു വായിച്ചു. നേതാക്കന്‍മാരുടെ ഫോട്ടോകള്‍ പകര്‍ത്തി. ഇന്ത്യയിലെ ലോകസഭ തെരെഞ്ഞെടുപ്പിനെക്കുറിച്ചും ബിജെപി സര്‍ക്കാരിന്റെ ജനവിരുദ്ധ ഭരണത്തെക്കുറിച്ചും മറ്റും ഡിയാനയ്ക്ക് സിപിഎം ജില്ലാ കമ്മിറ്റി അംഗം അഡ്വ. കെ എസ് അരുണ്‍കുമാര്‍ വിശദീകരിച്ചു പറഞ്ഞു നല്‍കി.

പി രാജീവിന്റെ തെരെഞ്ഞെടുപ്പു കണ്‍വെന്‍ഷനെക്കുറിച്ചു പറഞ്ഞപ്പോള്‍ അതില്‍ പങ്കെടുക്കണമെന്നായി ഡീയാനയുടെ അടുത്ത ആഗ്രഹം. പിന്നാലെ കണ്‍വെന്‍ഷന്‍ നടക്കുന്ന ടൗണ്‍ ഹാളിലെത്തി സിപിഎം ജില്ലാ സെക്രട്ടറി സിഎന്‍ മോഹനനെയും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് എംഎം ലോറന്‍സിനെയും കണ്‍വെന്‍ഷന്‍ ഉദ്ഘാടകന്‍ പോളിറ്റ് ബ്യൂറോ മെമ്പര്‍ എംഎ ബേബിയേയും കണ്ട് തന്റെ സംശയങ്ങള്‍ക്ക് ഉത്തരം കണ്ടെത്തി. മൂന്ന് മണിക്കൂര്‍ കണ്‍വെന്‍ഷനില്‍ പങ്കെടുത്ത ശേഷമാണ് ഡിയാന മടങ്ങിയത്.

Exit mobile version