തിരുവനന്തപുരം: സംസ്ഥാനത്ത് എല്‍പി, യുപി സ്കൂളുകളിലായി അയ്യായിരത്തോളം അധ്യാപക തസ്തികകള്‍ ഒഴിഞ്ഞ് കിടക്കുന്നു. ഒക്ടോബര്‍ മാസത്തില്‍ അധ്യാപക നിയമനം പൂര്‍ത്തിയാക്കുമെന്ന് പിഎസ്സി ചെയര്മാന് നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുവരെയായിട്ടും റാങ്ക് പട്ടിക പോലും പ്രസിദ്ധീകരിച്ചിട്ടില്ല. പ്രധാന അധ്യാപകരായി സ്ഥാനകയറ്റം ലഭിക്കുമ്പോള്‍ ഒഴിവു വന്ന തസ്തികകളും, സ്റ്റാഫ് ഫിക്സേഷന് കണക്കെടുപ്പും പൂര്‍ത്തിയായി കഴിയുമ്പോള്‍ അധ്യാപക ഒഴിവുകളുടെ എണ്ണം 5000 കവിയും.
ഏറ്റവും കൂടുതല്‍ ഒഴിവ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് കാസര്‍കോഡ് ജില്ലയിലാണ്. എല്‍പി, യുപി സ്കൂളുകളിലായി 468 അധ്യാപരുടെ കുറവാണ് ജില്ലയിലുള്ളത്. കൊല്ലം ജില്ലയില്‍ 410 ഒഴിവുകളുണ്ട്. ഏറ്റവും കുറവ് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തത് കോട്ടയം ജില്ലയിലാണ്. ഇവിടെ എല്‍പി, യുപി സ്കൂളുകളിലായി 58 ഒഴിവുകളാണുള്ളത്. സംസ്ഥാനത്തെ എല്‍പി സ്കൂളുകളില്‍ മാത്രമായി 2525 ഒഴിവുകളുള്ളപ്പോള്‍ യുപി സ്കൂളുകളില്‍ 1048 ഒഴിവുകളാണുള്ളത്.
കഴിഞ്ഞ പിഎസ്സി ലിസ്റ്റിറ്റ് കാലാവധി പൂര്‍ത്തിയായത് 2016ലാണ്. പിന്നീട് ഒരു നിയമനവും നടന്നിട്ടില്ല. അധ്യാപക നിയമനത്തിനുള്ള ഇന്റര്‍വ്യൂ ജൂണ്‍ മാസത്തില്‍ നടന്നെങ്കിലും ഇത് വരെ റാങ്ക് പട്ടിക തയ്യാറാക്കിയില്ലെന്ന് ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നു. എന്നാല്‍ പ്രളയം കാരണമാണ് തടസ്സം നേരിട്ടതെന്നും ഈ വര്‍ഷം തന്നെ അധ്യാപക നിയമനമുണ്ടാകുമെന്നും പിഎസ്സി ചെയര്മാന് എംകെ സക്കീര്‍ പറഞ്ഞു.
സംസ്ഥാനത്തെ അധ്യയന വര്‍ഷം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ പോലും ആവശ്യത്തിന് അധ്യാപകരില്ലാത്തത് വലിയ പ്രതിസന്ധിയാണ്. ഈ പ്രതിസന്ധി പൊതുവിദ്യാഭ്യാസ സംരക്ഷണമെന്ന സര്‍ക്കാര്‍ നയത്തിന് തന്നെ തിരിച്ചടിയാവുകയാണ്.
Discussion about this post