തിരുവല്ല: മനസാക്ഷിയെ ഞെട്ടിച്ച തിരുവല്ലയിലെ പെണ്‍കുട്ടിയെ നടുറോഡില്‍ വെച്ച് പെട്രോളൊഴിച്ച് തീ കൊളുത്തിയ സംഭവത്തില്‍ അക്രമിയെ കീഴ്പ്പെടുത്തിയത് നാട്ടുകാര്‍. ആക്രമിച്ച യുവാവിനെ ജനങ്ങള്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ‘നീ എന്തിനാടാ ആ കൊച്ചിനോട് ഇങ്ങനെ ചെയ്തേ..നീ എന്തിനാടാ ജീവിക്കുന്നേ.. കെട്ടിയിട് അവനെ’ തുടങ്ങിയ സ്ത്രീകള്‍ അടക്കമുള്ള ജനങ്ങളുടെ രോഷത്തോടെയുള്ള ശാപവാക്കുകള്‍ വീഡിയോയില്‍ കേള്‍ക്കാം. തിരുവല്ല കുമ്പനാട് സ്വദേശി അജിന് റെജി മാത്യുവിനെയാണ് നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചത്.
ഇന്ന് രാവിലെയാണ് തിരുവല്ലയില്‍ പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊല്ലാന്‍ പതിനെട്ടുകാരന് ശ്രമിച്ചത്. കീഴ്പ്പെടുത്തിയ ശേഷം ഇയാളുടെ തന്നെ ഷര്‍ട്ടുപയോഗിച്ച് നാട്ടുകാര്‍ ഇയാളെ കെട്ടിയിടുകയായിരുന്നു. രോഷത്തോടെയാണ് ഇയാളോട് നാട്ടുകാര്‍ പ്രതികരിച്ചത്. യുവതിയെ കുത്താന്‍ ഉപയോഗിച്ച കത്തിയും യുവാവിന്റെ പാന്‍സിന്റെ പോക്കറ്റിലുണ്ടായിരുന്നു.
പട്ടാപ്പകല്‍ പൊതുജനം നോക്കിനില്‍ക്കെയാണ് പ്രണയം നിരസിച്ച പെണ്‍കുട്ടിയെ യുവാവ് തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. പന്ത്രണ്ടാം ക്ലസുമുതല്‍ ഇയാള്‍ക്ക് പെണ്‍കുട്ടിയോട് പ്രണയാഭ്യര്‍ത്ഥന നടത്തിയിരുന്നു. എന്നാല്‍ പെണ്‍കുട്ടിക്ക് താല്പര്യമില്ലായിരുന്നു. തുടര്‍ന്നും ഇയാള്‍ പെണ്‍കുട്ടിയെ ശല്യം ചെയ്ത് വരികയായിരുന്നു.
ഒടുവില്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തി വിവാഹം കഴിക്കാന്‍ താല്പര്യമുണ്ടെന്ന് ഇയാള്‍ അറിയിച്ചിരുന്നതായും പറയുന്നു. എന്നാല്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഈ ആവശ്യം നിരസിച്ചു. ഇതോടെയാണ് ഇയാള്‍ പെണ്‍കുട്ടിയോട് പക വീട്ടാന്‍ തയ്യാറെടുത്തത്. നഗരത്തിലെ ഒരു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തില്‍ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ ക്ലാസ്സിലേക്ക് പോകും വഴിയാണ് യുവാവ് ആക്രമിച്ചത്. കത്തി കൊണ്ട് പെണ്‍കുട്ടിയെ കുത്തി വീഴ്ത്തിയ ശേഷം ഇയാള്‍ പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു.
Discussion about this post