കൊച്ചി: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന് സമര്‍പ്പിച്ച ഹര്‍ജി ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തില്‍ വ്യാപക കള്ളവോട്ട് നടന്നുവെന്ന് ആരോപിച്ചായിരുന്നു സുരേന്ദ്രന്റെ ഹര്‍ജി. അതേസമയം മഞ്ചേശ്വരം എംഎല്‍എയായിരുന്ന പിബി അബ്ദുല്‍ റസാഖ് മരിച്ചതിനെ തുടര്‍ന്ന് കേസ് നടപടികളുമായി ഇനി മുന്നോട്ട് പോകണോയെന്ന് കോടതി ചോദിച്ചിരുന്നു.
എന്നാല്‍ ഇക്കാര്യത്തില്‍ കെ സുരേന്ദ്രന് ഇന്ന് കോടതിയെ തന്റെ നിലപാട് അറിയിക്കും. കേസില്‍ നിന്നും പിന്മാറില്ലെന്ന് കെ സുരേന്ദ്രന് നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഈ നിലപാട് തന്നെയാണ് സുരേന്ദ്രന് കോടതിയെയും അറിയിക്കുകയെന്നാണ് വിവരം.
മരിച്ചവരും വിദേശത്തുള്ളവരും ആയ259 പേരുടെ പേരില്‍ കള്ളവോട്ട് ചെയ്തിരുന്നതായാണ് കെ സുരേന്ദ്രന് ആരോപിച്ചത്. അബ്ദുള്‍ റസാഖിന്റെ തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്നും തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് സുരേന്ദ്രന് കോടതിയെ സമീപിച്ചത്. കേസില്‍ 175 സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയാക്കിയ കോടതി 67 സാക്ഷികള്‍ക്ക് സമന്‍സ് അയച്ചിരിക്കുകയാണ്. ഹൈക്കോടതിയിലെ കേസ് തീര്‍പ്പാക്കാതെ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനാകില്ലെന്ന നിലപാടിലാണ് തിരഞ്ഞെടുപ്പ് കമ്മിഷന്.
Discussion about this post