മലപ്പുറം: മലപ്പുറം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും എസ്എഫ്ഐ അഖിലേന്ത്യാ അധ്യക്ഷനുമായ വിപി സാനുവിനെ അനുകൂലിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട കെഎസ്യു മുന്‍ വനിതാ ഭാരവാഹി ജസ്ല മാടശേരിക്കെതിരെ സോഷ്യല്‍മീഡിയയില്‍ ആക്രമണം. പോസ്റ്റിന് താഴെ തെറി വിളികളുമായി ഒരു കൂട്ടര് എത്തുകയായിരുന്നു. സൈബര്‍ ആക്രമണത്തിന് പിന്നില്‍ മുസ്ലീം ലീഗാണെന്നാണ് ജസ്ല ആരോപിക്കുന്നത്.
സ്ത്രീ വിരുദ്ധത ഒരു പാര്‍ട്ടിക്ക് പറ്റിയതല്ലെന്നും തന്റെ അഭിപ്രായങ്ങള്‍ പറയാനുള്ള സ്വാതന്ത്ര്യം പോലുമില്ലെന്നത് കഷ്ടമാണെന്ന് ജസ്ല മാടശേരി പിന്നീട് പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറഞ്ഞു.
അതേ സമയം പുതിയ വോട്ടര്‍മാരുടെ പ്രതീക്ഷ താനാണെന്നും അവരുടെ പിന്തുണ തനിക്കാണ് കിട്ടുന്നതെന്നറിയുമ്പോഴുള്ള മുസ്ലീം ലീഗിന്റെ ബുദ്ധിമുട്ടാണ് കമന്റുകളുടെ രൂപത്തില്‍ വരുന്നതെന്നും വിപി സാനു പ്രതികരിച്ചു.
എന്നാല്‍ ആരോപണം അടിസ്ഥാനരഹിതമാണെന്നും ലീഗ് അത്തരം നിലവാരമില്ലാത്ത കാര്യങ്ങള്‍ ചെയ്യില്ലെന്നും മുസ്ലീം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി യുഎ ലത്തീഫ് പറഞ്ഞു.
വിപി സാനു പ്രതീക്ഷയാണ്. തോല്‍വിയോ വിജയമോ ആകട്ടെ. കാലങ്ങളായി മലപ്പുറത്തെ പൊട്ടക്കിണറ്റിലാഴ്ത്തുന്ന ലീഗുകാര്‍ക്ക് കുടപിടിക്കുന്നതിനെക്കാള്‍ സന്തോഷമാണ് സാനുവെന്നായിരുന്നു കെഎസ്യു മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റായിരുന്ന ജസ്ല മാടശ്ശേരിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ശനിയാഴ്ച പോസ്റ്റ് ഇട്ടതിന് പിന്നാലെ കമന്റ് ബോക്സ് അശ്ലീലങ്ങള്‍ കൊണ്ട് നിറയുകയായിരുന്നു.
നേരത്തെ ഫ്ളാഷ് മോബില്‍ പങ്കെടുത്തപ്പോഴും സ്ത്രീകള്‍ ജോലിക്ക് പോകുന്നതിനെ എതിര്‍ത്ത ഇസ്ലാം മത പ്രഭാഷകന്‍ മുജാഹിദ് ബാലുശ്ശേരിയെ വിമര്‍ശിച്ചപ്പോഴും ജസ്ലയ്ക്ക് നേരെ സൈബര്‍ ആക്രമണം അരങ്ങേറിയിരുന്നു.
Discussion about this post