കോട്ടയം: കോട്ടയത്ത് പണമിടപാട് സ്ഥാപനങ്ങളില്‍ റെയ്ഡ്. അമിതമായി പലിശ ഈടാക്കിയിരുന്ന പണമിടപാട് സ്ഥാപനങ്ങളിലാണ് റെയ്ഡ് നടത്തിയത്. സംഭവത്തില്‍ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
വാകത്താനം പന്ത്രണ്ടാംകുഴി പുളിമൂട്ഭാഗത്ത് കാവുങ്കല്‍ മൂലയില്‍ കെഎം കുര്യന് (70), തിരുവഞ്ചൂര്‍ നരിമറ്റം രാജ്ഭവന് രാജേഷ് (43), കാണക്കാരി മനോജ് ഭവന് മനോജ് ജോസഫ് (43), അതിരമ്പുഴ ചിറയില്‍ രാജന് പി തോമസ് (47) എന്നിവരെയാണ് അറസ്റ്റു ചെയ്തത്.
ഇവരോടൊപ്പം റെയ്ഡ് ചെയ്ത സ്ഥാപനങ്ങളില്‍ നിന്ന് നിരവധി മുദ്രപ്പത്രങ്ങള്‍, തിരിച്ചറിയല്‍ കാര്‍ഡ്, ഒപ്പിട്ട ബ്ലാങ്ക് ചെക്കുകള്‍, ആര്‍സി ബുക്കുകള്‍, 2 ലക്ഷം രൂപ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്. കറുകച്ചാല്‍, വാകത്താനം, ഏറ്റുമാനൂര്‍, അയര്‍ക്കുന്നം, കടുത്തുരുത്തി എന്നീ സ്റ്റേഷനുകളിലാണ് കേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
അറസ്റ്റിലായവരില്‍ രാജേഷ് ലൈസന്‍സ് ഇല്ലാതെയാണ് പണമിടപാട് സ്ഥാപനം നടത്തിയതെന്ന് പോലീസ് കണ്ടെത്തി. രാജേഷിന്റെ വീട്ടില്‍നിന്ന് വാഹനങ്ങളുടെ ആര്‍സി ബുക്ക്, വാഹനങ്ങളുടെ താക്കോല്‍, രണ്ടുലഷം രൂപ എന്നിവ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അതേസമയം കുര്യന്റെ പക്കല്‍നിന്നു തിരിച്ചറിയല്‍ രേഖകള്‍, മുദ്രപത്രങ്ങള്‍, ഒപ്പിട്ട ബ്ലാങ്ക് ചെക്കുകള്‍ എന്നിവ വാകത്താനം പോലീസ് പിടിച്ചെടുത്തു. ഏറ്റുമാനൂര്‍ പൊലീസ് സ്റ്റേഷന് പരിധിയിലെ അനധികൃത ധനകാര്യസ്ഥാപനങ്ങളില്‍ നടന്ന റെയ്ഡിലാണ് മനോജ് ജോസഫും രാജന് പി തോമസും അറസ്റ്റിലായത്.
ജില്ലയുടെ വിവിധ ഭഗങ്ങളില്‍ അമിതമായി പലിശയിടപാട് നടത്തുന്നതായി പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് റെയ്ഡ് നടത്തിയത്.
Discussion about this post