കൊച്ചി: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരായ ബലാത്സംഗക്കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണം വേഗം പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരി നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് അപ്പീല്‍ ഹര്‍ജി തള്ളിയത്. മുമ്പ് സിംഗിള്‍ ബെഞ്ചും ഈ ഹര്‍ജി തള്ളിയിരുന്നു.
പീഡനം നടന്ന് ഏഴ് വര്‍ഷം കഴിഞ്ഞല്ലേ പരാതി നല്‍കിയതെന്ന് ഹര്‍ജിക്കാരിയോട് ചോദിച്ച ഹൈക്കോടതി,പോലീസ് അന്വേഷണം എപ്പോള്‍ പൂര്‍ത്തിയാക്കണമെന്ന് പറയാന്‍ ഹര്‍ജിക്കാരിക്ക് അവകാശമില്ലെന്ന് വ്യക്തമാക്കി. അതോടൊപ്പം ഇപ്പോള്‍ നടക്കുന്ന പോലീസ് അന്വേഷണത്തില്‍ കാലതാമസം ഉള്ളതായി കാണുന്നില്ലെന്നും ഹര്‍ജി അനവസരത്തിലുള്ളതാണെന്നും കോടതി നിരീക്ഷിച്ചു.