തിരുവനന്തപുരം: പിന്നോക്കാവസ്ഥയില്‍ നിന്നും ഉന്നതവിജയം നേടിയെന്ന തരത്തില്‍ കുട്ടികളുടെ ആത്മാഭിമാനത്തിന് മുറിവേല്പ്പിച്ചേക്കാവുന്ന തലക്കെട്ടില്‍ വാര്‍ത്തകള്‍ നല്‍കുന്നതിനെതിരെ ഉത്തരവ്. കലോത്സവങ്ങളിലും മറ്റും ഏറെ വിമര്‍ശനം കേട്ടിരുന്ന ഈ തരത്തിലുള്ള വാര്‍ത്തകള്‍ക്ക് ഇതോടെ ഒരു പരിധിവരെ അവസാനമാകും.
കുട്ടികളുടെ നിര്‍ധനാവസ്ഥ, സാമ്പത്തിക പിന്നാക്കാവസ്ഥ, ശോചനീയാവസ്ഥ എന്നിവ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കുന്ന അവസരത്തില്‍ കൂടുതല്‍ ശ്രദ്ധയും കരുതലും എടുക്കണമെന്നും കുട്ടികളുടെയും രക്ഷിതാക്കളുടേയും സമ്മതം വാങ്ങിയതിന് ശേഷം മാത്രമേ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാവൂ എന്നും നിഷ്കര്‍ഷിച്ച് ഉത്തരവായി.
ദരിദ്രപശ്ചാത്തലത്തില്‍നിന്ന് ഉന്നതവിജയം നേടി എന്ന വാര്‍ത്തകള്‍ കുട്ടിയുടെ ആത്മാഭിമാനം ഹനിച്ച് കുട്ടിയെ മാനസികമായി തളര്‍ത്തിയതിനാല്‍ കുട്ടി ആത്മഹത്യ ചെയ്തുവെന്ന മാധ്യമവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന ബാലാവകാശ കമ്മീഷന് കേസ് എടുത്തിരുന്നു. ഇത്തരം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് അവരുടെ സമ്മതപത്രം വാങ്ങണമെന്നും ഇതുസംബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ പബ്ളിക് റിലേഷന്‍സ് വകുപ്പ് ഉത്തരവിറക്കണമെന്നും കമ്മീഷന് നോട്ടീസ് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്.
Discussion about this post