കൊച്ചി: ലോകരാഷ്ട്രങ്ങളെ നടുക്കിയ എത്യോപ്യന്‍ വിമാനാപകടത്തില്‍ വിമാനത്തിലുണ്ടായിരുന്ന 157 പേരും കൊല്ലപ്പെട്ടിരിക്കാം എന്ന് റിപ്പോര്‍ട്ട്. ഔദ്യോഗികമായി സ്ഥിരീകരണം എത്തിയിട്ടില്ലെങ്കിലും വിമാനത്തില്‍ നിന്നും ആരും രക്ഷപ്പെടാന്‍ സാധ്യതയില്ലെന്നാണ് സൂചന. ഇതിനിടെ വിമാനാപകടം സംഭവിക്കുകയാണെങ്കില്‍ യാത്രക്കാര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും മാധ്യമങ്ങള്‍ പാലിക്കേണ്ട മര്യാദയും വിശദീകരിച്ച് കുറിപ്പെഴുതിയിരിക്കുകയാണ് മുരളി തുമ്മാരുകുടി. എത്യോപ്യന്‍ വിമാനപകടത്തിന്റെ പശ്ചാത്തലത്തിലാണ് കുറിപ്പ്.
മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
എത്യോപ്യന്‍ വിമാനാപകടം.
ആഡിസ് അബാബയില്‍ നിന്നും നൈറോബിയിലേക്ക് പറന്നുയര്‍ന്ന എത്യോപ്യന്‍ എയര്‍ലൈന്‍സ് വിമാനം ആറുമിനുട്ടിനുള്ളില്‍ തകര്‍ന്നു വീണ വാര്‍ത്ത ഇതിനകം നിങ്ങള്‍ വായിച്ചിരിക്കുമല്ലോ.
വിമാനത്തില്‍ 157 പേര് ഉണ്ടായിരുന്നുവെന്നും അതില്‍ ആരും രക്ഷപ്പെട്ടില്ല എന്നുമാണ് ആദ്യത്തെ വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്.
ഐക്യരാഷ്ട്ര പരിസ്ഥിതി സംഘടനയുടെ ആസ്ഥാനമാണ് നൈറോബി. ഞങ്ങളുടെ രണ്ടു വര്‍ഷത്തില്‍ ഒരിക്കല്‍ നടക്കുന്ന ഐക്യ രാഷ്ട്ര പരിസ്ഥിതി അസംബ്ലി നാളെ മുതല്‍ അവിടെ തുടങ്ങുകയാണ്. ലോകത്തെന്പാടുനിന്നും ആയിരങ്ങള്‍ പങ്കെടുക്കുന്ന പരിപാടിയായതു കൊണ്ട് ഈ വിമാനാപകടത്തില്‍ ആ മീറ്റിങ്ങിന് വരുന്ന ആളുകള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. യു എന്‍ പാസ്സ്പോര്‍ട്ട് ഉള്ള നാലു പേര് വിമാനത്തില്‍ ഉണ്ടായിരുന്നുവെന്ന് ബി ബി സി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതുകൊണ്ട് ആരാണത്, സുഹൃത്തുക്കള്‍ ഉണ്ടോ എന്നെല്ലാമുള്ള ആശങ്ക ഏറെയുണ്ട്.
ആളുകളുടെ പേര് പുറത്തു പറയാതെ അവരുടെ നാഷണാലിറ്റി മാത്രം പറയുന്നതാണ് അന്താരാഷ്ട്രമായി നല്ല രീതി. അപകടത്തില്‍ ഉള്‍പ്പെട്ട ഓരോരുത്തരുടെയും വീട്ടുകാരെ അറിയിച്ച്, അവര്‍ക്ക് ആ വാര്‍ത്ത ഉള്‍ക്കൊള്ളാനുള്ള സമയം കൊടുത്ത്, അവരുടെ സമ്മതത്തോടെ മാത്രമേ പേരുകള്‍ വെളിപ്പടുത്താറുള്ളൂ. നൈജീരിയയിലെ യു എന്‍ കെട്ടിടത്തില്‍ ബോംബ് വച്ചപ്പോള്‍ ഒരാഴ്ച കഴിഞ്ഞാണ് ഞങ്ങള്‍ക്ക് പോലും ആളുകളുടെ പേര് കിട്ടിയത്. അതാണ് ശരിയും.
കേരളത്തിലെ രീതി വ്യത്യസ്തമാണ്. ഒരു അപകടം ഉണ്ടായാല്‍ ഉടന്‍ മരിച്ച ആളുടെ പേരും പ്രായവും വീട്ടുപേരും ഫ്ലാഷിങ്ങ് ന്യൂസ് ആയി സ്ക്രോള്‍ ചെയ്യാന്‍ തുടങ്ങും. അച്ഛനും അമ്മയും ഭര്‍ത്താവും കുട്ടികളും അപകട വിവരം അറിയുന്നത് ടി വിയില്‍ നിന്നായിരിക്കും. ഏറെ സങ്കടകരമായ കാര്യമാണ്. ഈ രീതി നമ്മള് മാറ്റണം.
കേരളത്തില്‍ നാലു വിമാനത്താവളങ്ങള്‍ ഉണ്ട്. നൂറു കണക്കിന് വിമാനങ്ങള്‍ ഓരോ ദിവസവും വന്നു പോകുന്നു. റോഡപകടത്തെക്കാള്‍ ഏറെ അപായ സാധ്യത കുറവാണ് വിമാനാപകടത്തിന്. എന്നാലും കേരളത്തില്‍ ഒരു വിമാനാപകടം ഉണ്ടാകാനുള്ള സാധ്യത വിമാനങ്ങളുടെയും താവളങ്ങളുടെയും എണ്ണം കൂടുന്തോറും കൂടുക തന്നെയാണ്. ഒരു അപകടം ഉണ്ടായാല്‍ എങ്ങനെയാണ് വാര്‍ത്തകള്‍ കൈകാര്യം ചെയ്യേണ്ടതെന്നും മാധ്യമങ്ങളുമായി സംവദിക്കേണ്ടതെന്നും കൊച്ചി വിമാനത്താവളത്തിന് വേണ്ടി ഒരു പരിശീലനം ഞാന്‍ ഒരിക്കല്‍ വാഗ്ദാനം ചെയ്തതാണ്. വാസ്തവത്തില്‍ എല്ലാ വിമാനത്താവളത്തിലെയും മേധാവികളെയും കമ്മൂണിക്കേഷന്‍ ഡയറക്ടര്‍മാരെയും നമ്മുടെ തന്നെ പി ആര് ഡിയെയും കൂട്ടിയിരുത്തിയാണ് ഇത്തരം പരിശീലനങ്ങള്‍ നടത്തേണ്ടത്. എന്നിട്ട് അത്തരം പ്ലാനുകള്‍ എല്ലാം സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിങ് പ്രൊസീജിയര്‍ ആയി ക്രോഡീകരിക്കണം. വര്‍ഷത്തില്‍ ഒരിക്കല്‍ ഒരു കമ്മൂണിക്കേഷന്‍ മോക്ക് ഡ്രില്‍ നടത്തണം. അങ്ങനെയാണ് അപകടങ്ങള്‍ക്ക് തയ്യാറായിരിക്കേണ്ടത്.
വ്യക്തിപരമായി വിമാനയാത്രയുടെ കാര്യത്തില്‍ നമുക്ക് വലിയ മാറ്റം ഒന്നും വരുത്താനില്ല. സുരക്ഷാ റെക്കോര്‍ഡുകള്‍ ഉള്ള വിമാന കന്പനികള്‍ തിരഞ്ഞെടുക്കുക, വിമാന യാത്രകള്‍ ചെയ്യുന്നതിന് മുന്‍പ് വില്ലെഴുതി വക്കുക, വിമാനത്തിന് അകത്ത് കയറുന്പോള്‍ തന്നെ എമര്‍ജന്‍സി ഡോറില്‍ നിന്നും എത്രാമത്തെ സീറ്റ് ആണെന്ന് എണ്ണി മനസ്സില്‍ വക്കുക, അപകടം ഉണ്ടാകുന്നതിന് മുന്‍പ് അല്പം എങ്കിലും മുന്നറിയിപ്പ് കിട്ടിയാല്‍ തലയും വലത്തേ കയ്യും സുരക്ഷിതമാക്കാന്‍ നോക്കുക, വിമാനം താഴെ വീണു കഴിഞ്ഞാല്‍ അല്പം എങ്കിലും ബോധം ബാക്കി ഉണ്ടെങ്കില്‍ അച്ചാറുകുപ്പി എടുക്കാന്‍ നോക്കാതെ ഓടി രക്ഷപെടാന്‍ നോക്കുക. ഇത്രയേ ഉള്ളൂ വിമാന യാത്രയില്‍ സുരക്ഷക്കായി നമ്മള് ചെയ്യേണ്ടത്.
മരിച്ചവര്‍ക്ക് ആദരാഞ്ജലികള്‍..!
Discussion about this post