പാലക്കാട്: സ്‌പെഷ്യല്‍ ക്ലാസുണ്ടെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങി ചെന്നൈയിലേയ്ക്ക് പുറപ്പെട്ട വിദ്യാര്‍ത്ഥിനികളെ പോലീസിന്റെ സഹായത്തോടെ കണ്ടെത്തി. പാലക്കാട് കുഴല്‍മന്ദത്താണ് സംഭവം അരങ്ങേറിയത്. സ്പെഷ്യല്‍ ക്ലാസുണ്ടെന്ന് പറഞ്ഞ് വീടുവിട്ട് ഇറങ്ങിയ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനികളെയാണ് പോലീസ് സുരക്ഷിതമായി നാട്ടിലെത്തിച്ചത്.
കഴിഞ്ഞദിവസം രാവിലെയാണ് ചിറ്റൂര്‍, മാത്തൂര്‍ സ്വദേശിനികളായ രണ്ടു പേര്‍ ചെന്നൈയിലേക്കു പുറപ്പെട്ടത്. വൈകിട്ടും കുട്ടികള്‍ വീട്ടില്‍ എത്താത്തതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ കുഴല്‍മന്ദം, ചിറ്റൂര്‍ പോലീസ് സ്റ്റേഷനുകളില്‍ പരാതിപ്പെടുകയായിരുന്നു.
ഇതിനിടയില്‍ കുട്ടികള്‍ ചെന്നൈയിലേക്ക് തമിഴ്നാട് സര്‍ക്കാര്‍ വക ബസില്‍ യാത്ര പുറപ്പിട്ടിരുന്നു. കുട്ടികള്‍ പോകും സമയത്ത് വീട്ടില്‍ കത്ത് എഴുതിവെച്ചിരുന്നു. ഞങ്ങളെ ഇനി ആരും തിരയരുതെന്നും അന്വേഷിക്കരുതെന്നുമായിരുന്നു ഉള്ളടക്കം. കുട്ടികളുമായി നല്ല സൗഹൃദമുണ്ടായിരുന്ന പ്ലസ്ടു വിദ്യാര്‍ഥിയെ കേന്ദ്രീകരിച്ചായിരുന്നു പീന്നീട് അന്വേഷണം. എന്നാല്‍ ഇവര്‍ പോകുന്ന കാര്യം ഈ വിദ്യാര്‍ഥിയെ അറിയിച്ചിരുന്നില്ല. എന്നാല്‍ വിദ്യാര്‍ത്ഥിനികളില്‍ ഒരാള്‍ ബസ് യാത്രികന്റെ മൊബൈലില്‍ നിന്നു സുഹൃത്തിനെ വിളിച്ചു.
ഇക്കാര്യം എസ്ഐഎ അനൂപിനെ അറിയിക്കുകയും എസ്ഐ ആ നമ്പറിലേക്ക് തിരികെ വിളിച്ച് വിവരങ്ങള്‍ പറഞ്ഞ് ബസ് ജീവനക്കാരുടെ സഹായത്തോടെ രാത്രി ഒന്നോടെ കുട്ടികളെ വില്ലുപുരം ഉളൂന്തൂര്‍ പേട്ട പൊലീസ് സ്റ്റേഷനില്‍ ഏല്‍പ്പിക്കുകയുമായിരുന്നു. ഇതിനിടയില്‍ പോലീസ് സംഘവും രക്ഷിതാക്കളും തമിഴ്നാട്ടിലേക്കു പുറപ്പെട്ടു.
Discussion about this post