വടകര സീറ്റിനെ ചൊല്ലി പരസ്യ വിമര്‍ശനം; വിശദീകരണം ചോദിച്ച് എല്‍ജെഡി സംസ്ഥാന നേതൃയോഗം ഇന്ന്

കോഴിക്കോട്: വടകര സീറ്റ് സിപിഎമ്മിന് തന്നെ അനുവദിച്ചുള്ള എല്‍ഡിഎഫ് തീരുമാനത്തിനെതിരെ രംഗത്തെത്തിയ എല്‍ജെഡി ഇന്ന് സംസ്ഥാന നേതൃയോഗം ചേരും. കോഴിക്കോടാണ് യോഗം ചേരുക. വടകര സീറ്റ് നേടിയെടുക്കാത്തത് നേതൃത്വത്തിന്റെ പിടിപ്പുകേടുകൊണ്ടാണെന്ന പരസ്യ വിമര്‍ശനം ഉന്നയിച്ച ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രനോട് വിശദീകരണം തേടും.

മനയത്തിന് മത്സരിക്കാനുള്ള ആഗ്രഹമാണ് വിവാദത്തിന് പിന്നിലെന്നും, പ്രവര്‍ത്തകരുടെ പിന്തുണയില്ലെന്നുമാണ് നേതൃത്വത്തിന്റെ നിലപാട്. സംസ്ഥാന നേതൃയോഗത്തില്‍ പങ്കെടുക്കാതെ പ്രത്യേക യോഗം വിളിച്ച് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാനുള്ള നീക്കം മനയത്തും കൂട്ടരും നടത്തുന്നുണ്ടെന്ന സൂചനയുണ്ട്.

അതേസമയം, വിമത പ്രവര്‍ത്തനത്തിന് മുതിരുന്നവരെ അനുനയിപ്പിക്കാനുള്ള നീക്കം പാര്‍ട്ടിക്കുള്ളില്‍ നടക്കുന്നതായും വിവരമുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സീറ്റ് അനുവദിക്കാത്തതിനെ ചൊല്ലി ലോക് താന്ത്രിക് ജനതാദളില്‍ നേരത്തെ പൊട്ടിത്തെറിയുണ്ടായിരുന്നു. വടകര സീറ്റ് നല്‍കാമെന്ന വാഗ്ദാനത്തില്‍ ഇടത് മുന്നണിയിലെത്തിയ പാര്‍ട്ടിക്ക് ആ സീറ്റ് നേടിയെടുക്കാന്‍ കഴിയാതെ പോയതില്‍ നേതൃത്വത്തിനെതിരെ ഒരു വിഭാഗം കടുത്ത അമര്‍ഷത്തിലാണ്.

കലാപക്കൊടി ഉയര്‍ത്തിയാണ് ജില്ലാ അധ്യക്ഷന്‍ മനയത്ത് ചന്ദ്രന്‍ തന്നെ പാര്‍ട്ടി നേതൃത്വത്തിനെതിരെ ആഞ്ഞടിച്ചത്. കെപി മോഹനന്‍, മനയത്ത് ചന്ദ്രന്‍ തുടങ്ങിയ നേതാക്കള്‍ എല്‍ജെഡിയുടെ മുന്നണിമാറ്റത്തില്‍ കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.

Exit mobile version