കൊല്ലം: വയലില്‍ പണിയെടുക്കുന്നതിനിടെ കര്‍ഷകന്‍ സൂര്യാഘാതമേറ്റ് മരിച്ച സംഭവത്തില്‍ മുന്നറിയിപ്പുമായി ജില്ലാ ഭരണകൂടം. താപനില ഉയരുന്ന സമയത്ത് ജോലി ഒഴിവാക്കണമെന്നും ധാരാളം വെള്ളം കുടിക്കണമെന്നുമാണ് നിര്‍ദേശം.
വയലില്‍ കൃഷിപ്പണി എടുക്കുന്നതിനിടെയാണ് രാജന്‍ ബോധരഹിതനായി കിടക്കുന്നത് കണ്ടത്. ശരീരം മുഴുവന്‍ പൊള്ളലേറ്റ് ചുവന്ന നിലയില്‍ ആയിരുന്നു. പിന്നാലെ ഇത് കറുത്തു. തുടര്‍ന്ന് ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും അരമണിക്കൂര്‍ മുമ്പേ മരണം സംഭവിച്ചിരുന്നുവെന്ന് ഡോക്ടര്‍ അറിയിക്കുകയായിരുന്നു. സൂരാഘാതമാണ് രാജന്റെ മരണകാരണം എന്നാണ് പ്രാഥമിക നിഗമനം.
കൊല്ലം ജില്ലയില്‍ കനത്ത ചൂട് തുടരുകയാണ്. പുനലൂരില്‍ 38 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് ഉയര്‍ന്നു. വരും ദിവസങ്ങളില്‍ താപനില കൂടുതല്‍ ഉയരുമെന്നാണ് കണക്കാക്കുന്നത്. ആരോഗ്യ വകുപ്പ് ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുമായി രംഗത്തുണ്ട്.
ഉച്ചയ്ക്ക് 12 മണി മുതല്‍ മൂന്ന് മണി വരെ വെയിലത്ത് ജോലി ചെയ്യരുതെന്നാണ് നിര്‍ദേശം. അസ്വസ്ഥത ഉണ്ടാകുന്നെങ്കില്‍ ചികിത്സ തേടണം. ലേബര്‍ കമ്മീഷണര്‍മാരും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും അടങ്ങുന്ന പ്രത്യേക സ്‌ക്വാഡ് ജില്ലയുടെ വിവിധയിടങ്ങള്‍ സന്ദര്‍ശിച്ച് സ്ഥിതി ഗതികള്‍ വിലയിരുത്തണമെന്നും കളക്ടര്‍ ഉത്തരവിട്ടു.