പത്തനംതിട്ട: ശബരിമല നട ഇന്ന് തുറക്കും. ഉത്സവ-മീനമാസ പൂജകള്‍ക്കായാണ് ഇന്ന് വൈകീട്ട് നട തുറക്കുക. മണ്ഡലകാലത്തിന് ശേഷം ഇത് രണ്ടാം തവണയാണ് നടതുറക്കുന്നത്. യുവതീ പ്രവേശനവും തുടര്‍ന്നുള്ള സംഘര്‍ഷങ്ങളും അല്‍പമൊന്ന് കെട്ടടങ്ങി എന്ന ആശ്വാസത്തിലാണ് സംസ്ഥാനം. അതേസമയം സുരക്ഷയുടെ കാര്യത്തിലും വലിയ മാറ്റം വരുത്തിയിട്ടുണ്ട്. ഇത്തവണ മലയില്‍ വിന്യസിപ്പിച്ചിട്ടുള്ള പോലീസ് ഉദ്യോഗസ്ഥരുടെ എണ്ണത്തില്‍ കാര്യമായ കുറവ് വരുത്തിയിട്ടുണ്ട്. നിരോധനാജ്ഞ പ്രഖ്യാപിക്കേണ്ടതില്ലെന്ന് ജില്ലാ കളക്ടര്‍ പിബി നൂഹ് വ്യക്തമാക്കി.
ഉത്സവ,മീനമാസ പൂജകള്‍ക്കായി തുറക്കുന്ന നട പതിനൊന്ന് ദിവസത്തിന് ശേഷമായിരിക്കും അടയ്ക്കുക. അതേസമയം തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഷ്ട്രീയക്കാരുടെ ശ്രദ്ധ പ്രചരണങ്ങളിലും മറ്റുമായിരിക്കും എന്നാണ് കരുതുന്നത്. 300 സുരക്ഷാ സേനാംഗങ്ങള്‍ മാത്രമായിരിക്കും സന്നിധാനം, നിലക്കല്‍,പമ്പ എന്നിവിടങ്ങളിലായി ഉണ്ടാകുക. കഴിഞ്ഞ മാസ പൂജക്ക് 1500 ഓളം പോലീസ് സേനാംഗങ്ങളുണ്ടായിരുന്നു.
എന്നാല്‍ ഇത് സ്ത്രീകള്‍ക്ക് മല കയറാന്‍ പറ്റിയ അവസരമാണെന്നും യുവതികളെ തടയുമെന്നും തറപ്പിച്ച് പറഞ്ഞ് ശബരിമല കര്‍മ്മ സമിതി ഉള്‍പ്പെടെ രംഗത്തുണ്ട്. നിലവിലെ സാഹചര്യത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കേണ്ടതില്ലെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ നിലപാട്.