മലപ്പുറം: മുസ്ലിം ലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറിയും സിറ്റിങ് എംപിയുമായ പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ വിദ്യാര്‍ത്ഥി സംഘടനയായ എസ്എഫ്ഐയുടെ അഖിലേന്ത്യ പ്രസിഡന്റ് വിപി സാനുവാണ് മലപ്പുറം മണ്ഡലത്തില്‍ രംഗത്തിറങ്ങുന്നത്. വിപി സാനുവിനെ സിപിഎം സ്ഥാനാര്‍ത്ഥിയായി പാര്‍ട്ടി പ്രഖ്യാപിച്ചതിനു പിന്നാലെ വ്യത്യസ്തമായ ആ സാമ്യതയും ചര്‍ച്ചയാവുകയാണ്.
1991ല്‍ പൊതു തെരഞ്ഞെടുപ്പില്‍ കന്നിയങ്കത്തിനിറങ്ങിയ വിപി സാനുവിന്റെ പിതാവും സിപിഎം ജില്ല സെക്രട്ടേറിയറ്റ് അംഗവുമായ വിപി സക്കരിയയുടെ എതിരാളിയും കുഞ്ഞാലിക്കുട്ടിയും മുസ്ലിം ലീഗും തന്നെയായിരുന്നു. ഇന്ന് മകന് സാനു കന്നിയങ്കത്തിന് ഇറങ്ങുമ്പോഴും എതിരാളി കുഞ്ഞാലിക്കുട്ടി തന്നെ. അന്ന് കുറ്റിപ്പുറം നിയമസഭാ മണ്ഡലത്തിലായിരുന്നു സക്കരിയ-കുഞ്ഞാലിക്കുട്ടി മത്സരമെന്ന് മാത്രം. 22536 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് അന്ന് കുഞ്ഞാലിക്കുട്ടി ജയിച്ചത്.
എന്നാല്‍ തനിക്ക് അന്ന് സാധിക്കാത്തത് മകന് ഇന്ന് തീര്‍ച്ചയായും സാധിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് വിപി സക്കരിയ. താന്‍ മത്സരിച്ചപ്പോഴും, തന്റെ മകന് മത്സരിക്കുമ്പോഴും മുസ്ലിം ലീഗിന്റെ സ്ഥാനാര്‍ത്ഥി കുഞ്ഞാലിക്കുട്ടി തന്നെയാണെന്നും ഇത് മുസ്ലിം ലീഗിന്റെ അപചയമാണെന്നും സക്കരിയ പറയുന്നു. ഇനി സാനുവിന്റെ മകന് മത്സരിച്ചാലും മുസ്ലിം ലീഗ് കുഞ്ഞാലിക്കുട്ടിയെ മാത്രമേ മത്സരിപ്പിക്കൂ എന്ന് സംശയിക്കേണ്ടിയിരിക്കുന്നതായും അദ്ദേഹം പരിഹസിച്ചു. സാനുവിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സക്കരിയ.
1991ല്‍ തന്റെ 34-ാം വയസ്സില്‍ മത്സരിച്ചപ്പോള്‍ കുഞ്ഞാലിക്കുട്ടിയോട് പരാജയപ്പെട്ടത് 22536 വോട്ടുകള്‍ക്കാണ്. എന്നാല്‍, തനിക്ക് അന്ന് കഴിയാതിരുന്നത് തന്റെ മകന് സാധിക്കും- വിപി സക്കരിയ പറയുന്നു.
Discussion about this post