ഇടുക്കി: മുഴുവന്‍ തുകയും ബില്ലടയ്ക്കാനില്ലാത്തതിന്റെ പേരില്‍ ചികിത്സ നിഷേധിച്ച ഓട്ടോ ഡ്രൈവര്‍ ഒടുവില്‍ മരണത്തിന് കീഴടങ്ങി. മൂന്നാര്‍ സ്വദേശി ഇരുദയരാജ് (68) ആണ് ഇന്നലെ വൈകുന്നേരത്തോടെ മരിച്ചത്. തിങ്കളാഴ്ച അസുഖം മൂര്‍ച്ചിച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ഇയാളെ വീണ്ടും കോലഞ്ചേരി ആശുപത്രിയിലെത്തിച്ചിരുന്നു. എന്നാല്‍ അധികൃതര്‍ ചികിത്സ നല്‍കാന്‍ തയ്യാറായില്ല. ആശുപത്രി പിആര്‍ഒയെ സമീപിച്ചതോടെ സംഭവം മാധ്യമങ്ങളെ അറിയിച്ചെന്ന് ആരോപിച്ച് ചികിത്സയ്ക്കായി മുന്‍കൂര്‍ പണം കെട്ടിവെയ്ക്കാന്‍ ആവശ്യപ്പെട്ടു. കൈയ്യിലുണ്ടായിരുന്ന 7000 രൂപ അടച്ചതോടെയാണ് ചികിത്സിക്കാന്‍ തയ്യാറായത്.
ഒടുവില്‍ വൈകുന്നേരത്തോടെ വീട്ടിലേക്ക് പറഞ്ഞു വിടുകയും ചെയ്തുവെന്ന് മകന്‍ പറയുന്നു. രാത്രിയോടെ ഇരുദയരാജ് മരണപ്പെടുകയായിരുന്നു. ഓട്ടോ ഓടിക്കുന്നതിനിടെ കുഴഞ്ഞുവീണ മൂന്നാര്‍ മൂലക്കട സ്വദേശി ഇരുദയരാജിനെ മെയ് 15 നാണ് കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്.
ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്ന് വിദഗ്ധ ചികില്‍സയ്ക്ക് വിധേയമാക്കുകയും ചെയ്തു. തലയ്ക്കും തൊണ്ടക്കുമാണ് പരിക്കേറ്റത്. ആറു ലക്ഷത്തോളം രൂപയാണ് ചികിത്സയ്ക്കായി കുടുംബം ചിലവാക്കിയത്. പണം കണ്ടെത്തുന്നതിനായി ഉള്ളതെല്ലാം വില്‍ക്കേണ്ടിയും വന്നു. രോഗി ഓടിച്ചിരുന്ന ഓട്ടോയടക്കം വിറ്റാണ് ആശുപത്രി ബില്‍തുകയുടെ മുക്കാല്‍ ഭാഗവും അടച്ചത്.
എന്നാല്‍ മുഴുവന്‍ തുകയും അടയ്ച്ചതിനുശേഷം മാത്രമേ രോഗിയെ ഡിസ്ചാര്‍ജ്ജ് ചെയ്യാന്‍ കഴിയുകയുള്ളുവെന്ന് ആശുപത്രി അധികൃതര്‍ നിലപാട് സ്വീകരിച്ചു. ഇതിനിടെ ഭര്‍ത്താവിനെ വിട്ടുകിട്ടുന്നതിനായി ദേവികുളം എംഎല്‍എ എസ് രാജേന്ദ്രനെ ബന്ധുക്കള്‍ സമീപിക്കുകയും എംഎല്‍എയുടെ കത്ത് ആശുപത്രി അധിക്യതര്‍ക്ക് നല്‍കിയതോടെയാണ് വിട്ടതെന്നും ഭാര്യ ഫിലോമിന പറയുന്നു.
ശസ്ത്രക്രിയക്ക് ഒരുലക്ഷം രൂപയാകുമെന്ന് പറഞ്ഞാണ് ആശുപത്രി അധികൃതര്‍ ചികിത്സ ആരംഭിച്ചത്. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞതോടെ ബില്‍തുക ആറിരട്ടിയോളം വര്‍ധിക്കുകയായിരുന്നു. ഒക്ടോബര്‍ മൂന്നിന് ഭര്‍ത്താവുമായി വീണ്ടും ആശുപത്രിയില്‍ പരിശോധനയ്ക്കായി എത്തിയെങ്കിലും എംഎല്‍എ ഫണ്ടില്‍ നിന്നും അനുവദിച്ച പണം ലഭിക്കാത്തതിനാല്‍ ചികിത്സിക്കാന്‍ കഴിയില്ലെന്ന നിലപാടാണ് അധികൃതര്‍ സ്വീകരിച്ചത്.