തൃശ്ശൂര്‍: സംസ്ഥാനത്ത് എടിഎം കാര്‍ഡ് തട്ടിപ്പ് കൂടി വരുന്ന സാഹചര്യത്തില്‍ അത് തടയാനുള്ള മാര്‍ഗ നിര്‍ദേശങ്ങളുമായി കേരളാ പോലീസ് രംഗത്തെത്തി. പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് തട്ടിപ്പ് തടയാനുള്ള മാര്‍ഗങ്ങളെ കുറിച്ച് പറഞ്ഞിരിക്കുന്നത്.
എടിഎം കാര്‍ഡ് തട്ടിപ്പ് തടയാന്‍ ആയി ‘ഡിസേബിള്‍’ സൗകര്യമുള്ള ബാങ്കിങ് ആപ്പുകളെക്കുറിച്ചാണ് ഫേസ്ബുക്ക് പേജില്‍ പോലീസ് പറയുന്നത്. ബാങ്കുകളുടെ ആപ്ലിക്കേഷനുകള്‍ വഴിയും നെറ്റ് ബാങ്കിംഗ് വഴിയും എടിഎം കാര്‍ഡുകള്‍ ഇടപാടുകള്‍ നിയന്ത്രിക്കാനും താല്‍ക്കാലികമായി അവ നിറുത്തിവയ്ക്കാനും സംവിധാനമുണ്ടെന്നാണ് ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നത്.
കേരളാ പോലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്,
എ.ടി.എം. കാര്‍ഡ് തട്ടിപ്പ് തടയാന്‍ ”ഡിസേബിള്‍ ” സൗകര്യവുമായി ബാങ്കിങ് ആപ്പുകള്‍
എ ടി എം കാര്‍ഡിലെ വിവരങ്ങള്‍ ചോര്‍ത്തി പണം തട്ടിയെടുക്കുന്ന സംഭവങ്ങള്‍ നിരവധിയാണ്. ഇത്തരം തട്ടിപ്പുകള്‍ തടയാന്‍ എ ടി എം കാര്‍ഡുകള്‍ ഉപയോഗത്തിന് ശേഷം ഡിസേബിള്‍ ചെയ്യാനുള്ള സൗകര്യം ലഭ്യമാണ്. ബാങ്കുകളുടെ ആപ്ലിക്കേഷനുകള്‍ വഴിയും നെറ്റ് ബാങ്കിംഗ് വഴിയും എ ടി എം കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള ഇടപാടുകള്‍ നിയന്ത്രിക്കാനും താല്‍ക്കാലികമായി നിറുത്തിവയ്ക്കാനും സംവിധാനമുണ്ട്.
ആപ്ലിക്കേഷനുകളില്‍ സര്‍വ്വീസ് റിക്വസ്റ്റ് എന്ന ഓപ്ഷനില്‍ നിന്നും എ ടി എം ഓപ്ഷന് തിരഞ്ഞെടുക്കുക. തുടര്‍ന്ന് മാനേജ് കാര്‍ഡ് എന്ന ഓപ്ഷനില്‍ പോയാല്‍ നിലവില്‍ ആവശ്യമില്ലാത്ത എല്ലാ ഓപ്ഷനും ഡിസേബിള്‍ ചെയ്യാന്‍ സാധിക്കും.
കാര്‍ഡ് Swipe ചെയ്തുള്ള POS ട്രാന്സാക്ഷന്, ഇ കൊമേഴ്സ് ട്രാന്സാക്ഷന്, ഡൊമസ്റ്റിക് യൂസേജ്, ഇന്റര്‍നാഷണല്‍ യൂസേജ് തുടങ്ങിയവയില്‍ ആവശ്യമില്ലാത്ത എല്ലാ സേവനങ്ങളും താല്‍ക്കാലികമായി നിറുത്തിവയ്ക്കാം. പ്രസ്തുത സേവനങ്ങള്‍ പിന്നീട് ആവശ്യമെങ്കില്‍ അപ്പോള്‍ വീണ്ടും ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ആക്ടിവേറ്റ് ചെയ്യാന്‍ കഴിയും. ഈ രീതിയില്‍ ഉപയോഗത്തിന് ശേഷം താത്കാലികമായി കാര്‍ഡിലെ സേവനങ്ങള്‍ നിറുത്തിവച്ചാല്‍ കാര്‍ഡിലെ വിവരങ്ങള്‍ ചോര്‍ത്തിയുള്ള തട്ടിപ്പ് തടയാനാകുമെന്ന് ബാങ്കുകള്‍ വ്യക്തമാക്കുന്നു. എ ടി എം വിവരങ്ങള്‍ ചോര്‍ത്തി പണം തട്ടുന്നത് വ്യാപകമായതോടെയാണ്, ഉപയോക്താക്കള്‍ കാര്യമായി ഉപയോഗിക്കാറില്ലാത്ത ഈ സേവനം പ്രയോജനപ്പെടുത്തണമെന്ന് ബാങ്കുകള്‍ ആവശ്യപ്പെടുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്കായി നിങ്ങളുടെ ബാങ്കുമായി ബന്ധപ്പെടുക.
Discussion about this post