തിരുവനന്തപുരം: കെഎസ്ആര്‍ടിസി എംപാനല്‍ കണ്ടക്ടര്‍മാരുടെ അനിശ്ചിതകാല സമരം ഒത്തുതീര്‍പ്പായി. ഗതാഗതമന്ത്രിയുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തിവന്ന സമരം തീര്‍പ്പാക്കാന്‍ ഇവര്‍ തയ്യാറായത്.
കുറഞ്ഞത് അഞ്ചു വര്‍ഷം ജോലി ചെയ്തവര്‍ക്കും കണ്ടക്ടര്‍ ലൈസന്‍സുള്ളവര്‍ക്കും ലീവ് വേക്കന്‍സിയില്‍ ജോലി നല്‍കാമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയതി ഇതിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചതെന്നു സമരസമിതി നേതാക്കള്‍ അറിയിച്ചു. ഇതോടെ രണ്ടു മാസത്തോളം നീണ്ടുനിന്ന സമരം അവസാനിപ്പിക്കുകയായിരുന്നു കോര്‍പറേഷനിലെ സ്ഥിരം ജീവനക്കാര്‍ ലീവെടുക്കുന്ന ദിവസങ്ങളില്‍ എംപാനല്‍ ജീവനക്കാരെ ഡ്യൂട്ടിയില്‍ നിയോഗിക്കുമെന്നും ഇതിനായി സോണുകള്‍ കേന്ദ്രീകരിച്ച് കണ്ടക്ടര്‍മാരുടെ പട്ടിക തയാറാക്കാന്‍ എംഡിക്കു മന്ത്രി നിര്‍ദേശം നല്‍കിയതായും മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
കഴിഞ്ഞ ഡിസംബറില്‍ വിവിധ കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ ജോലി ചെയ്യുന്ന 3861 താത്കാലിക കണ്ടക്ടര്‍മാരെ പിരിച്ചുവിടുകയായിരുന്നു. എന്നാല്‍ ഇവരുടെ കാകാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം വൈകുന്നതില്‍ പ്രതിഷേധിച്ചാണ് ജീവനക്കാര്‍ സമരവുമായി രംഗത്തെത്തിയത്. തങ്ങളെ പിരിച്ചുവിട്ട നടപടി അശാസ്ത്രീയമാണെന്നും പുനഃപരിശോധിക്കണമെന്നും ചൂണ്ടിക്കാട്ടി ഇവര്‍ സുപ്രീംകോടതി വരെ കേസുമായി പോയി. എന്നാല്‍ അനുകൂല നിലപാട് ഉണ്ടാവുന്നതിന് കാലതാമസം നേരിടുകയും ജോലിയില്ലാതെ ജീവിതം വഴിമുട്ടുകയും ചെയ്ത സാഹചര്യത്തിലാണ് ഇവര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ആരംഭിച്ചത്.
Discussion about this post