മണ്ഡലത്തില്‍ കാണാനില്ലെന്ന പ്രചരണത്തിന് അടിസ്ഥാനമില്ല, ജനം വികസനം വിലയിരുത്തി വോട്ട് ചെയ്യും; ഇന്നസെന്റ് എംപി

ഇത് രണ്ടാം തവണയാണ് ഇന്നസെന്റ് ചാലക്കുടിയില്‍ സിപിഎം സീറ്റില്‍ മത്സരിക്കുന്നത്

കൊച്ചി: ലോകസഭ തെരഞ്ഞെടുപ്പിന്റെ സിപിഎം സ്ഥാനാര്‍ത്ഥി പട്ടികയുടെ ഔദ്യോഗിക പ്രഖ്യാപനം വന്നതിന് പിന്നാലെ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി ഇന്നസെന്റ് എംപി. എംപി ആയ തന്നെ മണ്ഡലത്തില്‍ കാണാനില്ലെന്ന പ്രചരണത്തിന് അടിസ്ഥാനമില്ല. മരണ വീട്ടിലും കല്യാണ വീട്ടിലും പോകുന്നത് മാത്രമല്ല രാഷ്ട്രീയ പ്രവര്‍ത്തനമെന്നും പുതുതലമുറ വിലയിരുത്തുന്നത് വികസന പ്രവര്‍ത്തനങ്ങള്‍ നോക്കിയാണെന്നും ഇന്നസെന്റ് കൊച്ചിയില്‍ പറഞ്ഞു.

താന്‍ ജനങ്ങള്‍ക്ക് വേണ്ടി ഈ കാര്യം ചെയ്യാമെന്നോ ഈ കാര്യം ചെയ്‌തെന്നോ അവകാശപ്പെട്ടിട്ടില്ല. എംപി ആയതിന് ശേഷം 1750 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് ചാലക്കുടി മണ്ഡലത്തിന് വേണ്ടി ചെയ്തിട്ടുള്ളത്. ഇതെല്ലാം ജനങ്ങള്‍ വിലയിരുത്തുമെന്നും ഇന്നസെന്റ് എംപി പ്രതികരിച്ചു.

ഇത് രണ്ടാം തവണയാണ് ഇന്നസെന്റ് ചാലക്കുടിയില്‍ സിപിഎം സീറ്റില്‍ മത്സരിക്കുന്നത്. അതേ സമയം ഇന്നസെന്റ് വീണ്ടും മത്സരിക്കുന്നതില്‍ സിപിഎമ്മിന്റെ ചാലക്കുടി പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റിക്ക് കടുത്ത എതിര്‍പ്പുണ്ടായിരുന്നു. ഇത് വകവയ്ക്കാതെയാണ് സംസ്ഥാന നേതൃത്വം വീണ്ടും ഇന്നസെന്റിനെ സ്ഥാനാര്‍ത്ഥിയാക്കിയത്.

Exit mobile version