തിരുവനന്തപുരം: കുമ്മനം രാജശേഖരന് മിസോറാം ഗവര്‍ണര്‍ സ്ഥാനം രാജി വെച്ചതോടെ ബിജെപിയുടെ തിരുവനന്തപുരത്തെ സ്ഥാനാര്‍ത്ഥി ചിത്രം തെളിഞ്ഞു. നേരത്തെ സിപിഐ സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വിട്ടിരുന്നു. കോണ്‍ഗ്രസിലാണെങ്കില്‍ സിറ്റിങ് എംപിമാര്‍ മത്സര രംഗത്തുണ്ടാകുമെന്നും ഉറപ്പായിട്ടുണ്ട്.
കോണ്‍ഗ്രസില്‍ നിന്ന് ശശിതരൂര്‍, സിപിഐയില്‍ നിന്ന് സി ദിവാകരന്, ബിജെപിയില്‍ നിന്ന് കുമ്മനം രാജശേഖരന് എന്നിവരാണ് സ്ഥാനാര്‍ത്ഥികള്‍. മൂന്ന് മുന്നണികളും തിരുവനന്തപുരം മണ്ഡലത്തെ സംബന്ധിച്ച് നിര്‍ത്താവുന്ന ശക്തരായ സ്ഥാനാര്‍ത്ഥികളെത്തന്നെ രംഗത്തിറക്കുന്നു. ഇതോടെ ശക്തമായ ത്രികോണ മത്സരമാണ് തിരുവനന്തപുരത്ത് നടക്കാനിരിക്കുന്നത് എന്ന് ഉറപ്പായി.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സിപിഐ പ്രതിനിധി ആയി മത്സര രംഗത്തുണ്ടായിരുന്നത് ബെന്നറ്റ് എബ്രഹാം ആയിരുന്നു. ബെന്നറ്റിന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് പേമെന്റ് സീറ്റ് വിവാദമടക്കം ഉയര്‍ന്നു. ദുര്‍ബലനായ സ്ഥാനാര്‍ത്ഥിയെന്ന് തുടക്കം മുതല്‍ തന്നെ വിലയിരുത്തപ്പെട്ടിരുന്ന ബെന്നറ്റ് എബ്രഹാമിന് സി പി ഐക്ക് ലഭിക്കേണ്ട വോട്ടുകള്‍ പൂര്‍ണമായി സമാഹരിക്കാനായില്ല എന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. മാത്രമല്ല, ബി ജെ പി ജയിച്ചേക്കുമെന്ന തോന്നലുണ്ടായപ്പോള്‍ അത് തടയാന്‍ കഴിയുന്ന സ്ഥാനാര്‍ത്ഥിയെന്ന നിലയിലും കുറേ വോട്ടുകള്‍ ശശി തരൂരിന് ലഭിച്ചുവെന്നും വിലയിരുത്തപ്പെടുന്നു. എന്നാല്‍ ഇത്തവണ നെടുമങ്ങാട് സിറ്റിങ് എംഎല്‍എ സി ദിവാകരനാണ് സിപിഐക്ക് വേണ്ടി കളത്തിലറങ്ങുന്നത്. ബെന്നറ്റിന്റെ പേമെന്റ് സീറ്റ് വിവാദത്തില്‍ ആരോപണം നേരിട്ടയാളാണെങ്കിലും നിലവിലെ സാഹചര്യത്തില്‍ സി പി ഐയെ സംബന്ധിച്ച് ശക്തനായ സ്ഥാനാര്‍ത്ഥിയാണ് സി ദിവാകരന്. അദ്ദേഹം മുന്നണിക്ക് കിട്ടേണ്ട പരമാവധി വോട്ടുകള്‍ സമാഹരിക്കുമെന്ന ആത്മവിശ്വാസത്തിലാണ് പാര്‍ട്ടി. ജനപ്രതിനിധി എന്ന നിലയില്‍ മണ്ഡലത്തില്‍ കരുത്തനുമാണ് സി ദിവാകരന്.
അതേസമയം ഒട്ടും ആത്മവിശ്വാസം ചോരാതെയാണ് കോണ്‍ഗ്രസ്, സിറ്റിങ് എംപിയായ ശശിതരൂരിനെ രംഗത്ത് ഇറക്കുന്നത്. മണ്ഡലത്തില്‍ സുപരിചിതനായ ജനപ്രതിനിധി എന്ന നിലയില്‍ അദ്ദേഹം ഏറെ ജനപ്രീതി നേടിയിട്ടുണ്ടെന്നതും പാര്‍ട്ടിയ്ക്ക് തുറുപ്പുചീട്ടാണ്. അതു കൊണ്ട് തന്നെ ആരെ സ്ഥാനാര്‍ത്ഥിയാക്കും എന്ന ചോദ്യം ഇവിടെ ഉയര്‍ന്നില്ല..
ഏറെ ആശയക്കുഴപ്പങ്ങള്‍ക്കൊടുവിലാണ് ബിജെപി തിരുവനന്തപുരത്തെ സ്ഥാനാര്‍ത്ഥിയെ നിര്‍ണയിച്ചത്. സുരേഷ് ഗോപി മുതല്‍ കെ സുരേന്ദ്രന് വരെ നീളുന്ന പട്ടികയായിരുന്നു ആദ്യം പുറത്ത് വന്നിരുന്നത്. എന്നാല്‍ ബിജെപിക്ക് ഏറെ സ്വാധീനമുള്ള മേഖലാണ് തിരുവനന്തപുരം എന്നതിനാല്‍ കുമ്മനത്തെ ഇറക്കണം എന്ന ആശയം നേതൃ തലത്തില്‍ ശക്തമായി. ഒടുവില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ ഇക്കാര്യത്തില്‍ നേരിട്ടിടപെട്ടുവെന്ന്് സൂചനകളുണ്ട്. തുടര്‍ന്നാണ് ഗവര്‍ണര്‍ പദവി രാജി വെച്ച് അദ്ദേഹം തിരപുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയാകുന്നത്. ബി ജെ പിയ്ക്ക് കേരളത്തില്‍ ഏറ്റവും പ്രതീക്ഷയുള്ള മണ്ഡലമെന്ന നിലയില്‍ കുമ്മനത്തെ തന്നെ ഇറക്കുമ്പോള്‍ തിരുവനന്തപുരത്തെ മത്സരം പ്രവചനങ്ങള്‍ക്കപ്പുറത്തേക്ക് പോവുകയാണ്
Discussion about this post