തൃശ്ശൂര്‍: ലോക്സഭ തെരഞ്ഞെടുപ്പ് പടിവാതിലില്‍ എത്തി നില്‍ക്കെ സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലും പ്രചാരണം ചൂടുപിടിക്കുകയാണ്. സിപിഐ സ്ഥാനാര്‍ത്ഥി പട്ടികയല്ലാതെ, എല്‍ഡിഎഫ്-യുഡിഎഫ്-ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക പൂര്‍ണ്ണമായും പുറത്തെത്തിയിട്ടില്ലെങ്കിലും മണ്ഡലങ്ങളില്‍ പ്രചാരണങ്ങള്‍ക്ക് കൊടിയേറ്റം നടന്നുകഴിഞ്ഞു. പാര്‍ട്ടി അണികളാകട്ടെ സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് ഔദ്യോഗികമായ അറിയിപ്പ് ലഭിച്ചിട്ടില്ലെങ്കിലും പ്രചാരണം ശക്തമാക്കിയിരിക്കുകയാണ്.
ഇത്തവണയും സീറ്റ് സ്വന്തം പക്ഷത്ത് നിലനിര്‍ത്തുകയെന്ന ലക്ഷ്യത്തോടെ സിറ്റിങ് എംപിമാര്‍ കളം വാഴുകയാണ് ഓരോ മണ്ഡലങ്ങളിലും. സ്ഥാനാര്‍ത്ഥിയായി പാര്‍ട്ടി പരിഗണിക്കുമെന്ന പ്രതീക്ഷയുള്ളവരും അത്ര ഉറപ്പില്ലാത്തവരും ഒക്കെ മണ്ഡലത്തില്‍ സജീവമായി ഇടപെടാന്‍ ഓടിപ്പിടയുകയാണ്.
മറ്റ് തെരഞ്ഞെടുപ്പുകളില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ സോഷ്യല്‍മീഡിയയും വോട്ടിങിനെ സ്വാധീനിക്കുന്ന വലിയൊരു ശക്തിയാകുമെന്ന് ഉറപ്പാണ്. അതും ഓരോ മണ്ഡലത്തിലും തെരഞ്ഞെടുപ്പ് ഭൂരിപക്ഷത്തേക്കാള്‍ കൂടുതല്‍ പുതിയ വോട്ടര്‍മാരുള്ള ഈ തെരഞ്ഞെടുപ്പില്‍. യുവാക്കള്‍ 2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ വലിയൊരു സ്വാധീന ശക്തിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അങ്ങനെയെങ്കില്‍ സോഷ്യല്‍ മീഡിയയും സ്ഥാനാര്‍ത്ഥികളുടെ വിജയസാധ്യതയെ കാര്യമായി സ്വാധീനിക്കും.
ഇതുമുന്നില്‍ കണ്ടാണ് ഓരോ പാര്‍ട്ടികളും ജനങ്ങള്‍ക്കിടയില്‍ ഇറങ്ങിയുള്ള പ്രവര്‍ത്തനത്തോടൊപ്പം സോഷ്യല്‍മീഡിയയിലും സജീവ സാന്നിധ്യമാകുന്നത്. പല എംപിമാരും അഞ്ചു വര്‍ഷത്തെ നേട്ടങ്ങള്‍ വിശദീകരിച്ച് ഫോട്ടോ കാര്‍ഡുകളും പോസ്റ്ററുകളും തയ്യാറാക്കി കഴിഞ്ഞു. സോഷ്യല്‍മീഡിയയില്‍ കൂടി പങ്കുവെയ്ക്കാവുന്ന തരത്തിലാണ് ന്യൂജെന്‍ രീതിയില്‍ തയ്യാറാക്കപ്പെട്ടിരിക്കുന്ന ഈ കാര്‍ഡുകള്‍. പണ്ടത്തെ പോലെ ചുവരെഴുത്തുകള്‍ മാത്രമല്ല, ഇ-വാളിലെ എഴുത്തും പ്രധാനപ്പെട്ടതാണെന്നു ജനപ്രതിനിധികള്‍ക്കും വ്യക്തമാണ്.
ഇതിനിടെ പാലക്കാട് എംപി എംബി രാജേഷിന്റെ അഞ്ച് വര്‍ഷത്തെ തന്റെ നേട്ടങ്ങള്‍ വിശദീകരിച്ച് പുറത്തിറക്കിയ ഫോട്ടോ കാര്‍ഡ് സോഷ്യല്‍മീഡിയയില്‍ ശ്രദ്ധേയമാകുന്നത്. മണ്ഡലത്തിന്റെ ഓരോ കോണിലും ചെയ്ത വികസനപ്രവര്‍ത്തനങ്ങള്‍ ഫോട്ടോയും കുറിപ്പും സഹിതം വിശദീകരിച്ചാണ് കാര്‍ഡില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പത്രങ്ങളില്‍ വന്ന റിപ്പോര്‍ട്ടും ഡിസൈന്‍ ചെയ്ത് തയ്യാറാക്കിയ നേട്ടങ്ങളും സഹിതം പുറത്തിറക്കിയ ഈ കാര്‍ഡുകള്‍ വോട്ടര്‍മാരെ പെട്ടെന്ന് ആകര്‍ഷിക്കാന്‍ പോന്നതാണ്.
ഈ മാതൃകയില്‍ മറ്റ് സിറ്റിങ് എംപിമാരും തെരഞ്ഞെടുപ്പിനായി ഒരുങ്ങുകയാണെന്നാണ് സൂചന. ഓരോ ദിവസവും സ്വന്തം മണ്ഡലത്തില്‍ പങ്കെടുക്കുന്ന ഔദ്യോഗിക പരിപാടികളുടേയും ഉദ്ഘാടനങ്ങളുടേയും വിശദമായ കുറിപ്പുകളും ദൃശ്യങ്ങളും ഉടനടി സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്യാനും എംപിമാര്‍ മറക്കുന്നില്ല. പ്രതികരിക്കേണ്ട വിഷയങ്ങളില്‍ കൃത്യമായ ഇടപെടലുകള്‍ നടത്തുന്നതിനും അത് ജനങ്ങളെ അറിയിക്കുന്നതിനും സോഷ്യല്‍മീഡിയ തന്നെയാണ് ജനപ്രതിനിധികളുടെ പ്രധാന അഭയം. ജനങ്ങളെ ഏറെ സ്വാധീനിക്കുന്ന സോഷ്യല്‍മീഡിയയില്‍ തന്നെയാണ് തെരഞ്ഞെടുപ്പ് ചൂടും ഇത്തവണ കനക്കുന്നത്.
Discussion about this post