തിരുവനന്തപുരം: പത്താംക്ലാസിലെ പാഠപുസ്തകത്തില്‍ തെറ്റ്. എയ്ഡ്സ് രോഗത്തെക്കുറിച്ചാണ് തെറ്റായ വിവരം നല്‍കിയിരിക്കുന്നത്. അതേസമയം വ്യാപകമായ പ്രതിഷേധമാണ് അരങ്ങേറിയത്. തുടര്‍ന്ന് എസ്സിഇആര്ടി പാഠഭാഗം തിരുത്താന്‍ തീരുമാനിച്ചതായി അറിയിച്ചു.
എയ്ഡ്സ് പകരുന്ന നാല് രീതികളിലെ ഒന്ന്, വിവാഹപൂര്വ്വലൈംഗികതയും അവിഹിത ബന്ധങ്ങളുമെന്നാണ് പാഠഭാഗത്തെ വിശദീകരണം. എന്നാല്‍ ഇത് കുട്ടികള്‍ക്ക് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നാരോപിച്ച് സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ പ്രതിഷേധമുയരുകയായിരുന്നു. അധ്യാപകര്‍ തന്നെയാണ് ആദ്യം ഇക്കാര്യം പൊതുശ്രദ്ധയില്‍ കൊണ്ടുവന്നത്. തുടര്‍ന്ന് ഡോക്ടര്‍മാരും രംഗത്തെത്തി.
പുസ്തകത്തിന്റെ അറുപതാം പേജിലാണ് ഈ ഭാഗമുള്ളത്. ഈ ഭാഗം തങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടെന്നും അടുത്ത വിദ്യാഭ്യാസ വര്‍ഷം മുതല്‍ അത് തിരുത്തുമെന്നുമാണ് അധികൃതര്‍ പറയുന്നത്.
തല്ക്കാലം ക്ലാസുകളില്‍ അധ്യാപകര്‍ പാഠഭാഗം തിരുത്തി പഠിപ്പിക്കാനാണ് തീരുമാനം. തുടര്‍ന്ന് തിരുത്തലോടുകൂടിയ പുസ്തകം അച്ചടിക്കും. വിവാഹപൂര്‍വ്വ ലൈംഗികതയ്ക്കും അവിഹിത ബന്ധങ്ങള്‍ക്കും പകരം സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം എന്നുതന്നെ ചേര്‍ക്കണമെന്നായിരുന്നു ഒരു സംഘം ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടിരുന്നത്.
Discussion about this post