പാലാ: പോലീസ് കള്ളക്കേസില്‍ കുടുക്കി മര്‍ദ്ദിച്ചെന്നാരോപിച്ച് കോട്ടയം പാലായില്‍ യുവാവ് ആത്മഹത്യ ചെയ്തു. മേലുകാവ് പോലീസിനെതിരെ വീഡീയോ പോസ്റ്റ് ചെയ്ത ശേഷമായിരുന്നു പാലാ കടനാട് സ്വദേശി രാജേഷ് ആത്മഹത്യ ചെയ്തത്. മാല മോഷണക്കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ രാജേഷ് ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് ആത്മഹത്യ ചെയ്തത്.
കൂടുതല്‍ കള്ളകേസില്‍ പോലീസ് കുടുക്കുമെന്ന് ആരോപിച്ച് സുഹൃത്തുക്കള്‍ക്ക് വീഡിയോ സന്ദേശം അയച്ച ശേഷമായിരുന്നു ആത്മഹത്യ. പോലീസ് പീഡനത്തെ തുടര്‍ന്നാണ് രാജേഷിന്റെ ആത്മഹത്യ എന്ന് ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തി. മാലമോഷണം കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ശേഷം പോലീസ് ക്രൂരമായി മര്‍ദ്ദിച്ചതായി ബന്ധുക്കള്‍ പറയുന്നു.
എന്നാല്‍ യുവാവിനെ അറസ്റ്റ് ചെയ്തത് വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നാണ് പോലീസിന്റെ വിശദീകരണം. മോഷണസംഘത്തെ സഹായിച്ചതിന് രാജേഷിനെതിരെ വ്യക്തമായ തെളിവുകളുണ്ടെന്ന് പോലീസ് പറയുന്നു. മോഷണമുതല്‍ പണയംവെച്ചതും രാജേഷ് ആണ്. മോഷ്ടാക്കള്‍ക്ക് വാഹനം വാടകയ്ക്ക് എടുത്ത് നല്കിയതും രാജേഷ് ആണ്. പോലീസ് മര്‍ദ്ദിച്ചുവെന്ന രാജേഷിന്റെ പരാതിയില്‍ മജിസ്ട്രേറ്റിന് നിര്‍ദ്ദേശത്തെ തുടര്‍ന്ന് രണ്ടാം ഘട്ടം മെഡിക്കല്‍ പരിശോധന നടത്തിയിരുന്നു.
മര്‍ദ്ദനം ഏറ്റിട്ടില്ലെന്ന് ഡോക്ടറുടെ റിപ്പോര്‍ട്ടും പോലീസ് തെളിവായി ചൂണ്ടിക്കാട്ടുന്നു. പോലീസ് പീഡനത്തില്‍ നടപടി ആവശ്യപ്പെട്ട് പിസി തോമസിന്റെ നേതൃത്വത്തില്‍ എന്‍ഡിഎ നേതാക്കള്‍ മെഡിക്കല്‍ കോളേജില്‍ പ്രതിഷേധിച്ചു.
Discussion about this post