ഇടുക്കി: കൃഷി മന്ത്രി വിഎസ് സുനില്‍ കുമാറിന് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കരിങ്കൊടി. തൊടുപുഴയില്‍ ബാങ്കേഴ്സ് യോഗത്തില്‍ പങ്കെടുക്കാനെത്തിയ മന്ത്രിക്ക് നേരെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്. ഇടുക്കിയില്‍ കര്‍ഷക ആത്മഹത്യ തുടര്‍ക്കഥയാകുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തൊടുപുഴയിലെത്തിയ മന്ത്രിയെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്.
ഇന്നലെ ചേര്‍ന്ന ബാങ്കേഴ്സ് യോഗത്തില്‍ കര്‍ഷകര്‍ക്ക് അനുകൂലമായ പല നടപടികളും സ്വീകരിച്ചിരുന്നു. മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടും ബാങ്കുകള്‍ ജപ്തി നോട്ടീസ് അയക്കുകയാണെന്നാണ് ഉയര്‍ന്നിരിക്കുന്ന ആക്ഷേപം. ഇതിന്റെ അടിസ്ഥാനത്തില്‍ ഡിസംബര്‍ 31 വരെ ജപ്തി നടപടികള്‍ ഉള്‍പ്പെടെ നിര്‍ത്തിവെയ്ക്കുമെന്ന് ബാങ്കുകള്‍ സര്‍ക്കാരിന് ഉറപ്പു നല്‍കിയിരുന്നു.
അടുത്ത ഒരു വര്‍ഷത്തേയ്ക്ക് കാര്‍ഷിക, കാര്‍ഷികേതര വായ്പകളില്‍ സര്‍ഫാസി നിയമം ചുമത്തി ജപ്തി നടപടികള്‍ ഉണ്ടാകില്ലെന്ന് യോഗത്തിന് ശേഷം മന്ത്രി വി എസ് സുനില്‍ കുമാര്‍ ഇന്നലെ പറഞ്ഞിരുന്നു. കടാശ്വാസ കമ്മീഷന് പരിധിയില്‍ വാണിജ്യ- പൊതുമേഖലാ ബാങ്കുകളെ കൊണ്ടുവരണമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തോടും ബാങ്കുകള്‍ അനുകൂലമായാണ് പ്രതികരിച്ചതെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
സംസ്ഥാനത്ത് കര്‍ഷക ആത്മഹത്യ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കഴിഞ്ഞ ദിവസത്തെ മന്ത്രിസഭാ യോഗം മൊറട്ടോറിയം ഉള്‍പ്പെടെയുള്ള പ്രഖ്യാപനങ്ങള്‍ നടത്തിയിരുന്നു. കര്‍ഷകര്‍ക്ക് അനുകൂലമായ പല പ്രഖ്യാപനങ്ങളും മന്ത്രിസഭായോഗത്തിലുണ്ടായിരുന്നു.
Discussion about this post