കൊച്ചി: റാഫേല്‍ കരാറുമായി പുറത്തുവന്ന വാര്‍ത്തകള്‍ക്ക് അടിസ്ഥാനം പ്രതിരോധമന്ത്രാലയത്തില്‍ നിന്നും മോഷ്ടിക്കപ്പെട്ട രേഖകളാണെന്ന കേന്ദ്ര സര്‍ക്കാര്‍ വാദത്തെ കുറ്റപ്പെടുത്തി നടന് ജോയ് മാത്യു. രാജ്യരക്ഷയെ സംബന്ധിക്കുന്ന രേഖകള്‍ സൂക്ഷിക്കുവാന്‍ പോലും കഴിവില്ലാത്തവര്‍ എങ്ങിനെയാണ് രാജ്യത്തെ പൗരന്മാരെ സംരക്ഷിക്കുകയെന്ന് ജോയ് മാത്യു ചോദിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജോയ് മാത്യുവിന്റഎ വിമര്‍ശനം.
‘ദ ഹിന്ദു’ പത്രത്തില്‍ റാഫേല്‍ കരാര്‍ സംബന്ധിച്ച് പ്രസിദ്ധീകരിച്ച വാര്‍ത്തകള്‍ പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് മോഷ്ടിച്ച രേഖകളെ അടിസ്ഥാനമാക്കിയാണെന്നും ഇത് ഔദ്യോഗിക രഹസ്യ നിയമ പ്രകാരം കുറ്റകരമാണെന്നും വാര്‍ത്ത പ്രസിദ്ധീകരിച്ച പത്രത്തിനെതിരെ കേസെടുക്കണമെന്നുമായിരുന്നു കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വാദിച്ചത്.
റാഫേല്‍ കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന സുപ്രീംകോടതി വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് അഡ്വ. പ്രശാന്ത് ഭൂഷണടക്കമുള്ളവര്‍ നല്കിയ ഹരജി പരിഗണിക്കവെയാണ് കേന്ദ്ര സര്‍ക്കാരിന് വേണ്ടി അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍ രേഖകള്‍ മോഷ്ടിക്കപ്പെട്ടവയാണെന്ന് അറിയിച്ചത്.
പ്രതിരോധ മന്ത്രാലയത്തിലെ നിലവിലുള്ളതോ മുന്പുണ്ടായിരുന്നതോ ആയ ജീവനക്കാരാരോ മോഷ്ടിച്ചതാണ് പുറത്തു വന്ന രേഖകള്‍. എങ്ങനെയാണ് രേഖകള്‍ മോഷണം പോയതെന്ന് അന്വേഷിച്ചു വരികയാണ്. ഇത് ഒരു ക്രിമിനല്‍ കുറ്റമാണ്. രഹസ്യ രേഖകള്‍ ഹര്‍ജിക്കൊപ്പം പരിശോധിക്കാന്‍ പാടുള്ളതല്ലെന്നും എജി വാദിച്ചു.
എന്നാല്‍ മോഷ്ടിക്കപ്പെട്ട തെളിവുകളാണെങ്കിലും കോടതിയ്ക്ക് പരിഗണിക്കാമെന്നായിരുന്നു കെഎം ജോസഫിന്റെ മറുപടി.
Discussion about this post