വൈത്തിരി: വയനാട് വൈത്തിരിയില്‍ വീണ്ടും പോലീസും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍. സംഭവത്തില്‍ ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്നലെ രാത്രി ഒന്‍പത് മണിയോടെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.
വൈത്തിരിയില്‍ ദേശീയപാതയക്ക് സമീപം സ്ഥിതി ചെയ്യുന്ന ഉപവന്‍ എന്ന സ്വകാര്യ റിസോര്‍ട്ടിനടുത്തുള്ള വനപ്രദേശത്താണ് ഏറ്റുമുട്ടല്‍ നടന്നത്. റിസോര്‍ട്ടിലെത്തിയ മാവോയിസ്റ്റുകള്‍ ഉടമയോട് പണം ആവശ്യപ്പെടുകയും ഇത് വാക്ക് തര്‍ക്കത്തിലെത്തുകയും ചെയ്തു. ഈ സമയം അവിടെ ഉണ്ടായിരുന്ന ചില പൊലീസ് ഉദ്യോഗസ്ഥര്‍ മാവോയിസ്റ്റുകളെ തിരിച്ചറിഞ്ഞ് തണ്ടര്‍ ബോള്‍ട്ടിനെ വിവരം അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് തണ്ടര്‍ ബോള്‍ട്ട് സംഘം പ്രദേശത്ത് എത്തുകയും മാവോയിസ്റ്റുകളുമായി വെടിവെപ്പ് നടത്തി. ഇന്ന് പുലര്‍ച്ചെ നാലര വരെ നീണ്ടുനിന്നു എന്ന് പോലീസ് പറഞ്ഞു. അതോടൊപ്പം തന്നെ പ്രദേശം കനത്ത സുരക്ഷയിലാണെന്നും പോലീസ് പറഞ്ഞു. പ്രദേശവാസികള്‍ക്കും റിസോര്‍ട്ടുകള്‍ക്കിം കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കിട്ടുണ്ട്.
മാവോയിസ്റ്റുകളുമായുള്ള വെടിവയ്പ്പിനെ തുടര്‍ന്ന് കോഴിക്കോട് വയനാട് ദേശീയപാതയിലെ ഗതാഗതം തടസപ്പെട്ടിരുന്നു. ഇന്ന് രാവിലെയോടെ ഗതാഗതം പുനഃസ്ഥാപിച്ചിട്ടുണ്ട്. പ്രദേശത്തേക്ക് മറ്റ് ജില്ലകളില്‍ നിന്നുള്ള തണ്ടര്‍ ബോള്‍ട്ട് സംഘവും കൂടുതല്‍ പോലീയും ഇന്ന് രാവിലെയോടെ എത്തുമെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കണ്ണൂര്‍ റേഞ്ച് ഐജി വയനാട്ടിലെത്തി.