കൊല്ലം: കൊല്ലത്ത് ഗൃഹനാഥനും കുടുംബത്തിനും നേരെ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ആക്രമണം. മനയില്‍കുളങ്ങര മഞ്ഞാവില് പടിഞ്ഞാറ്റതില്‍ (ദേവികൃപ) ടാക്സി ഡ്രൈവറായ രഞ്ജു (48), ഭാര്യ ശ്രീദേവി (45), മക്കളായ രജിത് (19), രജിന് (17) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്.
രഞ്ജു തന്റെ മൂന്നര സെന്റ് സ്ഥലത്തേ വീടിന് ചുറ്റും നിര്‍മ്മിച്ച വേലിയില്‍ പതിവായി ബൈക്ക് കൊണ്ടിടിക്കുന്നത് ചോദ്യം ചെയ്തതിനാണ് ഗൃഹനാഥനും കുടുംബത്തിനും നേരെ ആക്രമണം ഉണ്ടായത്. തിങ്കളാഴ്ച രാത്രി 10.30-നായിരുന്നു സംഭവം.
അടിയേറ്റ് കൈ ഒടിഞ്ഞ രജിന് ഇന്ന് തുടങ്ങുന്ന പ്ലസ്ടു പരീക്ഷ എഴുതാന്‍ കഴിയില്ല. ജനകീയാസൂത്രണപദ്ധതി പ്രകാരം നിര്‍മിച്ചതാണ് രഞ്ജുവിന്റെ വീട്. ബഹളം കേട്ട് എത്തിയ അയല്‍വാസികള്‍ രഞ്ജുവിനെയും കുടുംബാംഗങ്ങളെയും ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും അക്രമികള്‍ തടഞ്ഞു.
തുടര്‍ന്ന് അയല്‍വാസികള്‍ പോലീസിനെ അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് പോലീസ് എത്തിയാണ് പരിക്കേറ്റവരെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്. സമീപവാസികളായ ആര്‍എസ്എസ് പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയതെന്ന് രഞ്ജു പോലീസിന് മൊഴി നല്കി. രഞ്ജു സിപിഎം അനുഭാവിയാണ്.
Discussion about this post