ശശി തരൂരിന്റെ മൂന്ന് ഭാര്യമാര്‍ മരിച്ചതെങ്ങനെ? അടൂര്‍ സ്വദേശിനിയായ ഭാര്യ തന്നോട് നിയമോപദേശം തേടിയിരുന്നു; വിവാദ പരാമര്‍ശങ്ങളുമായി ശ്രീധരന്‍പിള്ള

തിരുവനന്തപുരം: തിരുവനന്തപുരം എംപി ശശി തരൂരിനെതിരെ വിവാദ പരാമര്‍ശങ്ങളുമായി ബിജെപി അധ്യക്ഷന്‍ ശ്രീധരന്‍പിള്ള. തിരുവനന്തപുരത്തെ കോണ്‍ഗ്രസ് സ്ഥാനാത്ഥിയുടെ മൂന്ന് ഭാര്യമാര്‍ മരിച്ചതെങ്ങനെയെന്ന ചോദ്യമുയര്‍ത്തിയാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. തിരുവനന്തപുരത്ത് വെച്ച് നടന്ന വാര്‍ത്താ സമ്മേളനത്തിനിടെയായിരുന്നു ശ്രീധരന്‍ പിള്ളയുടെ പരാമര്‍ശം.

വാക്കുകള്‍ ഇങ്ങനെ: തിരുവനന്തപുരത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ മൂന്ന് ഭാര്യമാര്‍ മരിച്ചതെങ്ങനെയെന്നാണ് എല്ലാവരും ചോദിക്കുന്നത്. ബിജെപിയോ താനോ അത് ചോദിക്കാന്‍ ഉദ്ദേശിക്കുന്നില്ല. പക്ഷെ ജനങ്ങള്‍ ചോദിക്കുന്നുണ്ട്. ഇദ്ദേഹത്തിന്റെ ഭാര്യമാരില്‍ രണ്ടാമത്തെയാള്‍ അടൂര്‍കാരിയാണെന്നും അടൂരിലെ ഒരു അഭിഭാഷകന്റെ അനന്തരവളായിരുന്നു അവരെന്നും ശ്രീധരന്‍ പിള്ള പറയുന്നു. കേസ് നിയമോപദേശത്തിനായി അവര്‍ തന്റെ അടുത്ത് വന്നിരുന്നതായും വാര്‍ത്താസമ്മേളനത്തിനിടെ അദ്ദേഹം പറഞ്ഞു. ഇത്തരം കാര്യങ്ങള്‍ രാഷ്ട്രീയമായി ഉപയോഗിക്കാന്‍ താല്‍പര്യമില്ലാത്തത് കൊണ്ട് മാത്രമാണ് പുറത്ത് പറയാത്തതെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

എന്നാല്‍, വാര്‍ത്താസമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകര്‍, ശശി തരൂരിന്റെ മൂന്ന് ഭാര്യമാരും മരിച്ചോ എന്ന സംശയവുമായി സമീപിച്ചപ്പോള്‍ രണ്ട് ഭാര്യമാര്‍ മരിച്ചെന്നും ഒരാള്‍ വിവാഹ ബന്ധം വേര്‍പ്പെടുത്തുകയുമാണ് ചെയ്തതെന്നും ശ്രീധരന്‍ പിള്ള മറുപടി നല്‍കി.

യഥാര്‍ത്ഥത്തില്‍, തിലോത്തമ മുഖര്‍ജിയെയും യുഎന്‍ ഉഗ്യോഗസ്ഥയായ ക്രിസ്റ്റീന ജൈല്‍സിനെയും സുനന്ദ പുഷ്‌കറിനെയുമാണ് ശശി തരൂര്‍ വിവാഹം ചെയ്തത്. ആദ്യത്തെ രണ്ട് വിവാഹ ബന്ധങ്ങളും ശശി തരൂര്‍ വേര്‍പ്പെടുത്തുകയും മൂന്നാമത്തെ ഭാര്യയായിരുന്ന സുനന്ദ പുഷ്‌കറിനെ മരിച്ചനിലയില്‍ കണ്ടെത്തുകയുമായിരുന്നു.

ഇതിനിടയ്ക്ക് അടൂര്‍ സ്വദേശിയെ എങ്ങനെയാണ് ശ്രീധരന്‍ പിള്ള തരൂരുമായി ബന്ധപ്പെടുത്തിയതെന്നു മാധ്യമപ്രവര്‍ത്തകര്‍ക്കും സംശയമായി. ശ്രീധരന്‍പിള്ള മെനഞ്ഞെടുത്ത കഥയാണോ ഇതെന്നാണ് ഉയരുന്ന സംശയം. കാര്യമെന്തായാലും ശ്രീധരന്‍ പിള്ളയ്‌ക്കെതിരെ മാനനഷ്ടക്കേസ് അടക്കമുള്ള നിയമ നടപടികളിലേക്ക് തരൂര്‍ കടന്നേക്കുമാണ് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

Exit mobile version