ചെറുതുരുത്തി: പാഞ്ഞാളില്‍ റിട്ട അധ്യാപികയുടെ കൊലപാതകത്തില്‍ വയോധികന് അറസ്റ്റില്‍. ഒറ്റയ്ക്ക് താമസിച്ച റിട്ട അധ്യാപിക കെഡി ശോഭന കൊല്ലപ്പെട്ട സംഭവത്തില്‍ പാവറട്ടി എളവള്ളി സ്വദേശിയും ഛത്തീസ്ഗഡില്‍ താമസക്കാരനുമായ പികെ ബാലന് (69) ആണ് പിടിയിലായത്.
പാഞ്ഞാള്‍ അയ്യപ്പന്‍കാവ് റോഡിനു സമീപം കാഞ്ഞിരപ്പറമ്പില്‍ വീട്ടിലാണ് മൂന്ന് ദിവസം പഴക്കമുള്ള നിലയില്‍ മൃതദേഹം നാട്ടുക്കാര് കണ്ടെത്തിയത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്കി. പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ആഭരണങ്ങളും ഫോണും കളവ് പോയത് മനസിലായി.
തുടര്‍ന്ന് അധ്യാപികയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതിയിലേക്കെത്തിയത്. 9 വര്‍ഷം പട്ടാളത്തിലും പിന്നീട് മഹാരാഷ്ട്ര വനം വകുപ്പിലും ജോലിചെയ്ത ഇയാള്‍ 3 മാസം മുന്‍പാണ് അധ്യാപികയെ പരിചയപ്പെട്ടത്.
പ്രതിയെ തേടി പോലീസ് ആന്ധ്രയിലും ഛത്തീസ്ഗഡിലുമെത്തിയെങ്കിലും പ്രതിയെ പിടികൂടാനായില്ല. അതേസമയം പ്രതി കേരളത്തിലേക്കു വീണ്ടുമെത്തുന്നതറിഞ്ഞു പോലീസ് ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് ഞായറാഴ്ച രാത്രി പിടികൂടുകയായിരുന്നു. ആഭരണങ്ങളും മൊബൈല്‍ ഫോണും ഇയാളുടെ ബാഗില്‍നിന്ന് കണ്ടെടുത്തു.
Discussion about this post