കോഴിക്കോട്: കേരളത്തില്‍ ഇന്നും നാളെയും ഉഷ്ണ തരംഗത്തിന് സാധ്യതയുള്ളതിനാല്‍ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് പുറപ്പെടുവിപ്പിച്ച സാഹചര്യത്തില്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരിക്കുകയാണ് കോഴിക്കോട് ജില്ലാ കളക്ടര്‍. ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ വിദ്യാലയങ്ങളില്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ അറിയിച്ചിരിക്കുകയാണ് കളക്ടര്‍.
പൊതു അസംബ്ലികള്‍ പൂര്‍ണമായും ഒഴുവാക്കുക, പകല്‍ 11മണി മുതല്‍ 3 മണി വരെ പരമാവധി സൂര്യരശ്മികളുമായി നേരിട്ടുള്ള സമ്പര്‍ക്കം കുട്ടികള്‍ പൂര്‍ണമായും ഒഴുവാക്കേണ്ടതാണ്, ശുദ്ധജലം ധാരാളമായി കുടിക്കാന്‍ കുട്ടികള്‍ക്കു നിര്‍ദ്ദേശം നല്‍കുകയെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
‘പ്രിയപ്പെട്ട പ്രധാനാധ്യാപകരെ..
2019 കേരളത്തിലെ ചൂടേറിയ വര്‍ഷങ്ങളിലൊന്നായാണ് പുരോഗമിക്കുന്നത്. കോഴിക്കോട്ടെ കൂടിയ താപനില ശരാശരി ഉയര്‍ന്ന താപനിലയെകാള് 3°C ല്‍ കൂടുതല്‍ വരെ രേഖപെടുത്തപ്പെട്ടിട്ടുണ്ട്..
കേരളത്തില്‍ ഇന്നും നാളെയും ഉഷ്ണതരംഗത്തിനു സാധ്യതയുണ്ടെന്നു കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് നിങ്ങളുയെല്ലാവരുടെയും ശ്രദ്ധയില്പെട്ടിട്ടുണ്ടാവുമല്ലോ. കൂടിയ താപനില (Max Temp) ശരാശരിയേക്കാള്‍ 5°C ല്‍ കൂടുകയോ ഒരു പ്രേദേശത്തെ കൂടിയ താപനില 40°C ല്‍ കൂടുകയോ ചെയുന്ന അവസ്ഥയെയാണ് താപതരംഗം അഥവാ heat wave എന്ന് വിളിക്കുന്നത്.
കേരളം പോലെ Humidity(ആര്‍ദ്രത ) കൂടിയ അന്തരീക്ഷമുള്ള ഒരു പ്രദേശത്തു താപ തരംഗം ധാരാളം ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ ശേഷിയുള്ള ഒരു extreme weather scenario ആണ്. കുട്ടികളെ ഈ ഉഷ്ണ തരംഗം വളരെ അധികം ബാധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഈ സാഹചര്യത്തെ ഗൗരവമായി കണ്ടുകൊണ്ട് വിദ്യാലയങ്ങളില്‍ താഴെ പറയുന്ന മുന്‍കരുതലുകള്‍ സ്വീകരികരിക്കേണ്ടതാണ്.
*പൊതു അസംബ്ലികള്‍ പൂര്‍ണമായും ഒഴുവാക്കുക
• പകല്‍ 11മണി മുതല്‍ 3 മണി വരെ പരമാവധി സൂര്യരശ്മികളുമായി നേരിട്ടുള്ള സമ്പര്‍ക്കം കുട്ടികള്‍ പൂര്‍ണമായും ഒഴുവാക്കേണ്ടതാണ്.
• ശുദ്ധജലം ധാരാളമായി കുടിക്കാന്‍ കുട്ടികള്‍ക്കു നിര്‍ദ്ദേശം നല്‍കുക. ദാഹം തോന്നുന്നില്ലെങ്കിലും ഇടയ്ക്കിടെ വെള്ളം കുടിച്ചു കൊണ്ടു നിര്‍ജ്ജലീകരണത്തെ ഒഴിവാക്കാന്‍ സാധിക്കും. കുടിവെള്ളത്തിനു ആവശ്യമായ ക്രമീകരണങ്ങള്‍ സ്കൂളില്‍ തന്നെ ഒരുക്കുക. നിര്‍ജ്ജലീകരണം സംഭവിച്ചു കഴിഞ്ഞാല്‍ മതിയായ ജലീകരണം ഉറപ്പുവരുത്തുന്നതിനായി അനുയോജ്യമായ ഡോസില്‍ ഒ.ആര്.എസ്.(Oral Rehydration Solution) ലായിനി ഉപയോഗിക്കാവുന്നതാണ്.
• ക്ലാസ്സ് മുറികളില്‍ ഫാനുകകളും കൃത്യമായ വായു സഞ്ചാരവും ഉണ്ടെന്ന് ഉറപ്പുവരുത്തുക.
• തുറന്ന പ്രദേശങ്ങളിലേക്കുള്ള വിനോദ യാത്രകള്‍ ഒഴിവാക്കുക.
സൂര്യാഘാതം മൂലമുള്ള ശാരീരിക അസ്വസ്ഥതകള്‍ കുട്ടികള്‍ക്ക് അനുഭവപ്പെട്ടാല്‍
• കുട്ടിയെ തറയിലോ കട്ടിലിലോ കിടത്തുക
• ചൂട് കുറയ്ക്കാന്‍ ഫാന്‍ ഉപയോഗിക്കുക, വീശികൊടുക്കുക
• കാലുകള്‍ ഉയര്‍ത്തി വെക്കുക
• വെള്ളവും ദ്രവ രൂപത്തിലുള്ള ആഹാരവും നല്‍കുക
• എത്രയും പെട്ടന്ന് അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലോ ആശുപത്രിയിലോ എത്തിച്ച് വൈദ്യ സഹായം ലഭ്യമാകുക.
*സൂര്യആഘാതം ഉണ്ടായാല്‍ പ്രഥമ ശുശ്രൂഷ നല്‍കേണ്ട വിധം കുട്ടികളെ ബോധവല്‍ക്കരിക്കുക.
*പോളിസ്റ്റര്‍ അടങ്ങിയ യൂണിഫോമുകള്‍ ഒഴിവാക്കി കട്ടി കുറഞ്ഞതും ഇളം നിറത്തിലുള്ളതും അയഞ്ഞതുമായ കോട്ടണ്‍ വസ്ത്രങ്ങള്‍ ഉപോയോഗിക്കാന്‍ അനുവദിക്കുക.
*പോഷകമൂല്യമുള്ള ഭക്ഷണം വിദ്യാര്‍ഥികള്‍ കഴിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക
*മാധ്യമങ്ങളിലൂടെയും രക്ഷിതാക്കളിലൂടെയും വേണ്ട ബോധവല്‍ക്കരണം വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുക
*ദിവസേന വൈകുന്നേരം യോഗം ചേര്‍ന്ന് മുന്‍കരുതല്‍ നടപടികളും സ്ഥിതിഗതികളും വിലയിരുത്തുക.
*ദുരന്തനിവാരണ അതോറിറ്റിയും ആരോഗ്യ വകുപ്പും വിദ്യാഭ്യാസ വകുപ്പും ജില്ലാ ഭരണകൂടവും മറ്റും നല്കുന്ന നിര്‍ദേശങ്ങള്‍ പാലിക്കാന്‍ പ്രേത്യകം ശ്രദ്ധിക്കുക.
പരീക്ഷകാലമായതിനാല്‍ സ്കൂള്‍ അധികൃതരും രക്ഷിതാക്കളും ശ്രദ്ധിക്കണം, ആശങ്കപ്പെടാനില്ല.’
Discussion about this post