തിരുവനന്തപുരം: സംസ്ഥാനത്ത് കര്‍ഷക ആത്മഹത്യയുടെ പശ്ചാത്തലത്തില്‍ ഇന്ന് പ്രത്യേക മന്ത്രിസഭ യോഗം ചേരും. കര്‍ഷക ആത്മഹത്യ തടയാനുള്ള നടപടികളാകും പ്രധാനമായും ചര്‍ച്ചയാകുക. കാര്‍ഷിക വായ്പകള്‍ക്ക് പുറമെ കര്‍ഷകരെടുത്ത എല്ലാതരം വായ്പകള്‍ക്കും മൊറട്ടോറിയം ബാധകമാക്കുന്ന കാര്യം മന്ത്രിസഭ ചര്‍ച്ച ചെയ്യും.
പ്രളയത്തില്‍ തകര്‍ന്ന സംസ്ഥാനത്തെ കാര്‍ഷിക മേഖലകള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ നടുവിലാണ്. മൊറട്ടോറിയം നിലനില്‍ക്കെ വായ്പാ തിരിച്ചടവിന് ബാങ്കുകള്‍ സമ്മര്‍ദ്ദം ശക്തമാക്കിയതോടെ ആത്മഹത്യയില്‍ അഭയം പ്രാപിക്കുന്നവരുടെ എണ്ണം പെരുകി. പ്രളയ ശേഷം ഇടുക്കിയില്‍ മാത്രം ആറ് കര്‍ഷകര്‍ ജീവനൊടുക്കിയതായാണ് കണക്ക്.
കര്‍ഷകരുടെ കടബാധ്യതകളില്‍ ജപ്തി നടപടികള്‍ ഒഴിവാക്കണമെന്ന് നേരത്തേ ബാങ്കുകളോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. അതിനു ശേഷവും ബാങ്കുകള്‍ കര്‍ഷകര്‍ക്ക് ജപ്തി നോട്ടീസ് നല്‍കിയതാണ് കര്‍ഷകരെ പ്രതിസന്ധിയിലാക്കിയത്. ഇതവസാനിപ്പിക്കാനുള്ള നടപടികള്‍ മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യും. തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിനു മുമ്പുള്ള മന്ത്രിസഭാ യോഗം കൂടിയാകും ഇന്നത്തേത്.
അതേസമയം, വിഷയത്തില്‍ പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷ നീക്കം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നാളെ രാവിലെ പത്ത് മുതല്‍ അഞ്ച് മണി വരെ ഇടുക്കി കളക്ടറേറ്റിന് മുന്നില്‍ ഉപവാസ സമരം നടത്തും. ഈ മാസം 11ന് കേരള കോണ്‍ഗ്രസ് സെക്രട്ടേറിയറ്റ് നടയില്‍ ധര്‍ണ നടത്താനും തീരുമാനിച്ചിട്ടുണ്ട്.
Discussion about this post