മലപ്പുറം: ജാതിയുടേയും മതത്തിന്റേയും പേരില്‍ പരസ്പരം കലഹിക്കുന്നവര്‍ കാണണം ഒരു മഹല്ല് കമ്മിറ്റിയുടെ സൗഹൃദ കൂട്ടായ്മ. ഇതര മതസ്ഥന്റെ ചികിത്സാ ചെലവിന് പണം കണ്ടെത്താനായി മതപ്രഭാഷണവും പ്രാര്‍ത്ഥനാ സംഗമവും നടത്തുകയാണ് മലപ്പുറം കാളികാവ് ചോക്കാടിനടുത്ത കല്ലാമൂല മഹല്ല് കമ്മിറ്റി. വൃക്ക രോഗമുള്ള ദിബേഷിന്റെ ചികിത്സയ്ക്കാണ് പണം സ്വരൂപിക്കുന്നത്.
നവംബര്‍ എട്ടിനാണ് മതപ്രഭാഷണം. ഒന്‍പതിന് പ്രാര്‍ത്ഥനാ സദസ്സ്. മതം കാരുണ്യമാണ് എന്ന വിഷയത്തിലാണ് പ്രഭാഷണം. ദിബേഷിനായി മഹല്ല് കമ്മിറ്റിയിലെ സ്ത്രീകളും കൂട്ടികളുമടക്കം എല്ലാവരും ചേര്‍ന്ന് പ്രാര്‍ത്ഥനാസംഗമം നടത്തും. പ്രാര്‍ത്ഥനാ സംഗമത്തില്‍ നിന്ന് ലഭിക്കുന്ന എല്ലാ പണവും ചികിത്സാ ഫണ്ടിലേക്ക് നല്‍കും.
കൂലിപ്പണി ചെയ്ത് കുടുംബം നോക്കുന്ന ദിബേഷിന് മൂന്നുമാസം മുന്‍പാണ് വൃക്കരോഗം സ്ഥിരീകരിച്ചത്. വൃക്ക നല്കാന് അമ്മ തയ്യാറാണെങ്കിലും ചികിത്സ നടത്താനുള്ള പണം സ്വരൂപിക്കാന്‍ പറ്റിയിരുന്നില്ല. 20 ലക്ഷം രൂപയാണ് ചികിത്സാചെലവ്. ദിബേഷ് കിടപ്പിലായതോടെ നിത്യജീവിതം പോലും വഴിമുട്ടി നില്‍ക്കുകയാണ്.
ദിബേഷിന്റെ ചികിത്സയ്ക്ക് പണംകണ്ടെത്താന്‍ നാട്ടുകാരും കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. നിലമ്പൂര്‍ കോ ഓപ്പേററ്റീവ് അര്‍ബന്‍ ബാങ്ക് ചോക്കാട് ബ്രാഞ്ചില്‍ 0201080000022 IFSC FDRL0NCUB01 എന്ന നമ്പര്‍ അക്കൗണ്ട് തുറന്നിട്ടുമുണ്ട്.
Discussion about this post