ഇടുക്കി: ഇടുക്കിയില്‍ രണ്ട് മാസത്തിനിടെ 6 കര്‍ഷകരാണ് ബാങ്കുകളുടെ ജപ്തി ഭീഷണിമൂലം ആത്മഹത്യ ചെയ്തത്. എന്നാല്‍ ഇത്രയും കര്‍ഷകര്‍ ആത്മഹത്യ ചെയ്തിട്ടും ജില്ലയിലെ കര്‍ഷകര്‍ക്കെതിരായ ജപ്തി നടപടിയില്‍ നിന്ന് ബാങ്കുകള്‍ പിന്നോട്ടില്ല. പ്രളയത്തില്‍ എല്ലാം തകര്‍ന്ന ഇടുക്കി ജില്ലയുടെ കാര്‍ഷിക മേഖലയ്ക്ക് ഇരുട്ടടിയായി ബാങ്കുകള്‍ കടം തിരിച്ച് പിടിക്കാന്‍ ഇറങ്ങിയതോടെ എന്ത് ചെയ്യുമെന്ന് അറിയാത്ത അവസ്ഥയിലാണ് കര്‍ഷകര്‍. പതിനയ്യായിരത്തോളം കര്‍ഷകര്‍ക്കാണ് ബാങ്കുകളുടെ ജപ്തി നോട്ടീസ് കിട്ടിയത്.
പ്രളയം വന്നതോടെ ദീര്‍ഘകാല തോട്ടവിളകളായ കുരുമുളക്, കൊക്കോ, ഏലം, കാപ്പി തുടങ്ങിയവ നശിച്ച് പോയ അവസ്ഥയാണ് ഇടുക്കിയില്‍. കൃഷി നാശത്തിനുള്ള സര്‍ക്കാര്‍ നഷ്ട പരിഹാരം പോലും ഇതുവരെ കര്‍ഷകര്‍ക്ക് കിട്ടിയില്ല. കാര്‍ഷിക വിളകളില്‍ നിന്ന് ആദായമെടുത്ത് വായ്പ തിരിച്ചടച്ചിരുന്ന കര്‍ഷകര്‍ക്ക് ഇതോടെ മറ്റൊരു വഴിയും ഇല്ലാത്ത അവസ്ഥയാണ്.
കാര്‍ഷിക കടങ്ങള്‍ക്ക് മൊറൊട്ടോറിയം അനുവദിക്കുമെന്ന സര്‍ക്കാര്‍ വാദ്ഗാനം പാലിക്കാന്‍ ബാങ്കുകള്‍ തയ്യാറാകാത്തതാണ് സ്ഥിതി വഷളാക്കിയത്. പൊതു മേഖലാ ബാങ്കുകളും സഹകരണ ബാങ്കുകളും അടക്കം വായ്പാ പിരിവിന് വിട്ട് വീഴ്ചയില്ലെന്ന് പ്രഖ്യാപിച്ചതോടെ മറ്റൊരു വഴിയും ഇല്ലാത്ത അവസ്ഥയിലായി കര്‍ഷകര്‍.
ഇടുക്കി ജില്ലയില്‍ മാത്രം പ്രളയത്തില്‍ നശിച്ചത് 11,565 ഹെക്ടര്‍ കൃഷിയാണ്. അതിന്റെ ആഘാതം നേരിടുന്നത് 40, 000 തോളം കര്‍ഷകരും. ഈ കണക്കെല്ലാം മുന്നിലുള്ളപ്പോള്‍ ഈ മാസം 16ന് വരെ ബാങ്കുകള്‍ കര്‍ഷകന് ജപ്തി നോട്ടീസ് അയച്ചു.
2019 ഒക്ടോബര്‍ വരെ പ്രളയ ബാധിത മേഖലയിലെ എല്ലാതരം വായ്പകള്‍ക്കും മൊറൊട്ടോറിയം പ്രഖ്യാപിക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സഹകരണ ബാങ്കുകളും പൊതുമേഖലാ ബാങ്കുകളും ഇതൊന്നും കണ്ടില്ലെന്നടിക്കുകയാണ്. മുഖ്യമന്ത്രി ഇടപെട്ട് വീണ്ടും ബാങ്കുകളുടെ യോഗം വിളിക്കാന്‍ തീരുമാനിച്ചെങ്കിലും സര്‍ക്കാര്‍ ഗ്യാരന്റി നില്‍ക്കാതെ വിട്ടുവീഴ്ചയ്ക്കില്ലെന്നാണ് ബാങ്കുകളുടെ നിലപാട്.
അതേസമയം, ബാങ്കുകളും കേന്ദ്ര സര്‍ക്കാരുമാണ് നിലവില്‍ കേരളത്തിലെ കാര്‍ഷിക മേഖലയെ പ്രതിസന്ധിയിലാക്കുന്നതെന്ന് കൃഷിമന്ത്രി വിഎസ് സുനില്‍കുമാര്‍ പ്രതികരിച്ചു.