മൂവാറ്റുപുഴ: വിദേശത്തെ ജോലി ഉപേക്ഷിച്ച് വന്നതിന്റെ എതിര്‍പ്പും കുത്തുവാക്കുകളും മാറി സഹതാപം പിടിച്ചുപറ്റാന്‍ തട്ടികൊണ്ടുപോകല്‍ നാടകം നടത്തി മൂവാറ്റുപുഴ സ്വദേശി. നാട്ടുകാരെയും പോലീസിനെയും ഒരുപോലെ മുള്‍മുനയില്‍ നിര്‍ത്തിയാണ് യുവാവിന്റെ പ്രഹസനം. ഒരു സംഘം തന്നെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചെന്നായിരുന്നു യുവാവിന്റെ ആരോപണം. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നാടകത്തിന്റെ സത്യസ്ഥിതി വെളിപ്പെട്ടത്.
കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഇയാളെ കൈയും കാലും കെട്ടിയ നിലയില്‍ മൂവാറ്റുപുഴയാറിന്റെ തീരത്ത് പോലീസ് സ്റ്റേഷന് മുന്നിലെ കടവില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. പ്രഭാത സവാരിക്കെത്തിയവരാണ് യുവാവിനെ കണ്ടെത്തിയത്. ഇവര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസെത്തി ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു സംഘം ആളുകള്‍ കാറില്‍ തട്ടിക്കൊണ്ടുപോയെന്നും മര്‍ദിച്ച് അവശനാക്കിയെന്നും അതിന് ശേഷം എന്ത് സംഭവിച്ചു എന്ന് അറിയില്ല എന്നുമായിരുന്നു ഇയാള്‍ പോലീസിനോട് പറഞ്ഞത്. തുടര്‍ന്ന് കൊലയാളി സംഘത്തിന് വേണ്ടി പൊലീസ് ഊര്‍ജിത തിരച്ചില്‍ നടത്തി. സൈബര്‍ സെല്ലിന്റെ സഹായത്തോടൈ മൊബൈല്‍ നമ്പര്ര് കേന്ദ്രീകരിച്ചും അന്വേഷണം നടത്തി.
ഇയാളുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചും അന്വേഷണം നടന്നു. തുടര്‍ന്നാണ് എല്ലാം കെട്ടുകഥയാണെന്ന് വെളിപ്പെട്ടത്. വിദേശത്തേക്ക് പോയ ഇയാള്‍ ജോലി ഉപേക്ഷിച്ച് തിരികെ നാട്ടില്‍ എത്തിയതിലുള്ള ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും എതിര്‍പ്പ് മറികടക്കാന്‍ വേണ്ടിയാണ് നാടകം നടത്തിയത്. ഇയാള്‍ വായ്പ വാങ്ങിയിരുന്നവര്‍ക്ക് പണം തിരികെ നല്കാന് കഴിഞ്ഞിരുന്നില്ല. വായ്പ തിരിച്ചടയ്ക്കാനുള്ള കാലാവധി നീട്ടിക്കിട്ടുക എന്ന ഉദ്ദേശവും ഇയാള്‍ ലക്ഷ്യമിട്ടിരുന്നതായും പോലീസ് വ്യക്തമാക്കി. നാടിനെ മുഴുവന്‍ മുള്‍മുനയില്‍ നിര്‍ത്തിയ ഇയാളെ താക്കീത് ചെയ്ത് ബന്ധുക്കള്‍ക്കൊപ്പം വിട്ടയക്കുകയായിരുന്നു.
Discussion about this post