കോഴിക്കോട്: കോഴിക്കോട് പുതിയ ബസ് സ്റ്റാന്റിന് സമീപമുള്ള മെറ്റല്‍ കടയില്‍ വന്‍ തീപിടിത്തം. റാണി മെറ്റല്സിലുണ്ടായ തീ പിടുത്തത്തില്‍ രണ്ട് ലക്ഷത്തിലധികം രൂപയുടെ സാധനങ്ങള്‍ കത്തി നശിച്ചു.
രാത്രി പത്തുമണിയോടെയാണ് പൂട്ടിക്കിടക്കുകയായിരുന്ന റാണി മെറ്റല്‍സിന്റെ പിന്‍ഭാഗത്ത് നിന്ന് പുക ഉയര്‍ന്നത്. തീ പിടിച്ച ഉടനെ ഫയര്‍ഫോഴ്സിനെ അറിയിച്ചത് കൊണ്ട് വന്‍ ദുരന്തം ഒഴിവായി. സിറ്റിയില്‍ നിന്നും മീഞ്ചന്ത സ്റ്റേഷനില്‍ നിന്നും ഫയര്‍ എഞ്ചിന് എത്തിച്ച് അരമണിക്കൂറിനകം തീ പൂര്‍ണമായും അണച്ചു.
തീ പിടിത്തമുണ്ടായപ്പോള്‍ കടയുടമ അടുത്തുണ്ടായിരുന്നില്ല. ഷട്ടര്‍ പൊളിച്ചാണ് ആളുകള്‍ അകത്തുകടന്നത്. അലൂമിനിയം പാത്രങ്ങളും മറ്റ് വീട്ടുപകരണങ്ങളും വില്‍ക്കുന്ന കടയിലാണ് തീ പിടിത്തമുണ്ടായത്. കത്തി നശിച്ചതില്‍ അധികവും പ്ലാസ്റ്റിക്ക് ഉല്പന്നങ്ങളാണ്.
ഈ കെട്ടിടത്തിന്റെ മുകളില്‍ ടെക്സ്റ്റൈല്‍സ് ഗോഡൗണാണ്. അവിടേക്ക് പടരുംമുമ്പ് തീ അണക്കാനായി. ഈ ഭാഗങ്ങളില്‍ സുരക്ഷ പരിശോധന നടത്തി വരികയാണെന്നും വിശദമായ റിപ്പോര്‍ട്ട് നാളെ തയ്യാറാക്കുമെന്നും ഫയര്‍ഫോഴ്സ് അറിയിച്ചു.
Discussion about this post