കാഞ്ഞങ്ങാട്: കാസര്‍കോട് പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വേണ്ടി നടത്തുന്ന സഹായ ഫണ്ട് പിരിവ് കലാശിച്ചത് കൂട്ടത്തല്ലില്‍. പിരിവിനിറങ്ങിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചേരി തിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. അടിപിടി രൂക്ഷമായതോടെ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ അടികൊള്ളാതെ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
ശനിയാഴ്ച രാവിലെ മൂന്നാംമൈലില്‍നിന്ന് തുടങ്ങിയ പിരിവ് സംഘാടകര്‍ കോടോം ബേളൂര്‍ പഞ്ചായത്തിലെ ഏഴാംമൈല്‍ ടൗണിലെത്തിയപ്പോഴേക്കും ഇരുചേരികളായി തിരിഞ്ഞ് വാക്ക് തര്‍ക്കമുണ്ടാവുകയും ശേഷം കൈയ്യാങ്കളിയിലേയ്ക്ക് വഴിമാറുകയും ആയിരുന്നു. കോണ്‍ഗ്രസ് ബേളൂര്‍ മണ്ഡലം പ്രസിഡന്റ് ബിനോയി ആന്റണി, ബളാല്‍ മണ്ഡലം സെക്രട്ടറി കെ മധു ബാലുര്‍, ബളാല്‍ ബ്ലോക്ക് സെക്രട്ടറി മാണിയൂര്‍ ബാലകൃഷ്ണന്, ലക്ഷ്മി തമ്ബാന്‍, കുഞ്ഞിരാമന് അയ്യങ്കാവ്, അനിത എന്നിവരടങ്ങിയ സംഘമാണ് ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്.
കോട്ടച്ചേരി മാര്‍ക്കറ്റിങ് സൊസൈറ്റി പ്രസിഡന്റ് കുഞ്ഞിരാമന് അയ്യങ്കാവിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൂട്ടത്തല്ലിലേയ്ക്ക് വഴിവെച്ചത്. കോണ്‍ഗ്രസ് വിമതനായി മത്സരിച്ച് ബിജെപി സഹായത്തോടെയാണ് കുഞ്ഞിരാമന് കാട്ടച്ചേരി മാര്‍ക്കറ്റിങ് സൊസൈറ്റി പ്രസിഡന്റായത്. ഇദ്ദേഹം പിരിവില്‍ പങ്കെടുക്കുന്നതിനെ ചോദ്യം ചെയ്ത് മാണിയൂര്‍ ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം രംഗത്തെത്തുകയായിരുന്നു. കള്ളന്മാരുടെ കൈയില്‍ ബക്കറ്റ് കൊടുത്താല്‍ എണ്ണാറാകുമ്പോള്‍ ബാക്കി ഒന്നുമുണ്ടാവില്ലന്ന് മാണിയൂര്‍ ബാലകൃഷ്ണന് പരസ്യമായി പറഞ്ഞതോടെ ഇരുസംഘങ്ങളും തമ്മില്‍ കൂട്ടതല്ലായി മാറുകയായിരുന്നു.
അടി കിട്ടുമെന്ന് മനസിലായതോടെ പിരിവിനെത്തിയ സ്ത്രീകളടക്കമുള്ളവര്‍ ചിതറിയോടി. കിട്ടിയ വാഹനങ്ങളില്‍ കയറി രക്ഷപ്പെടുകയും ചെയ്തു. കാറിലെത്തിയ ബിന്ദു കൃഷ്ണയെ എഴാം മൈലില്‍ ഇറക്കാതെ സംഘാടകര്‍ എണ്ണപ്പാറ തായന്നൂര്‍ ഭാഗത്തേക്ക് പറഞ്ഞുവിടുകയായിരുന്നു.
Discussion about this post