കാസര്‍കോട്: പെരിയയില്‍ വെട്ടേറ്റു മരിച്ച കൃപേഷിന്റെ കുടുംബത്തിന് തണലായി വീടൊരുങ്ങുന്നു. ഹൈബി ഈഡന് എംഎല്‍എയുടെ തണല്‍ പദ്ധതിയിലുള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന വീടിന്റെ ജോലികള്‍ ആരംഭിച്ചു.
ഹൈബി ഈഡന് എംഎല്‍എയുടെ നിര്‍ദ്ദേശമനുസരിച്ച് ആര്ക്കിടെക്റ്റുമാരടങ്ങിയ സംഘം കഴിഞ്ഞ ദിവസം സ്ഥലം സന്ദര്‍ശിച്ചിരുന്നു. പഴയ വീടിനോട് ചേര്‍ന്നാണ് ആയിരം ചതുരശ്ര അടിയില്‍ മൂന്നു കിടപ്പുമുറികളുള്ള വീടൊരുങ്ങുന്നത്. ഒന്നരമാസത്തിനുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. കുടിവെള്ളത്തിനായി കുഴല്‍ക്കിണറിന്റെ നിര്‍മ്മാണം ആരംഭിച്ചു.
കൃപേഷിന്റെ മരണമറിഞ്ഞ് വീട്ടിലെത്തിയവരൊക്കെ കണ്ണീരണിയിച്ചത് ആ വീടിന്റെ അവസ്ഥയായിരുന്നു. ഒലമേഞ്ഞ, മഴക്കാലത്ത് ചോര്‍ച്ചയെ തടയായനായി ടാര്‍പോളിന്‍ കഷ്ണങ്ങള്‍ വിരിച്ച ഒറ്റമുറി വീട്ടിലായിരുന്നു വെട്ടേറ്റു മരിച്ച കൃപേഷും കുടംബവും താമസിച്ചിരുന്നത്. പെയിന്റിങ് തൊഴിലാളിയായ അച്ഛന് കൃഷ്ണന്, അമ്മ ബലാമണിയും രണ്ട് സഹോദരിമാരും അടങ്ങുന്നതാണ് കൃപേഷിന്റെ കുടുംബം.
മികച്ച സംഘടനാ പ്രവര്‍ത്തകനായിരുന്ന കൃപേഷ് പ്രാദേശിക രാഷ്ട്രീയ ഇടപെടലുകള്‍ നടത്തി മുന്നോട്ടു പോവുന്നതിനിടെയാണ് രാഷ്ട്രീയ പകപോക്കലിന് ഇരയാവേണ്ടിവന്നത്. ചോര്‍ന്നൊലിക്കുന്ന വീട്ടില്‍ നിന്നുള്ള മോചനം കൃപേഷിന്റെ ദീര്‍ഘകാലമായുള്ള സ്വപ്നമായിരുന്നു. കുടുംബത്തിന്റെ ഏക പ്രതീക്ഷയായിരുന്ന കൃപേഷ് പോയതോടെ വീടെന്ന സ്വപ്നം നിറവേറ്റാന്‍ രംഗത്ത് വന്നിരിക്കുകയാണ് ഇപ്പോള്‍ ഹൈബി ഈടന്‍ എംഎല്‍എ.
Discussion about this post