ഇടുക്കി: സംസ്ഥാനത്ത് കര്‍ഷക ആത്മഹത്യകള്‍ പെരുകുന്നുവെന്നാരോപിച്ച് ഹര്‍ത്താല്‍ നടത്താനുള്ള നീക്കത്തില്‍ യുഡിഎഫ്. ഇടുക്കിയില്‍ കര്‍ഷ ആത്മഹത്യ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് യുഡിഎഫ് പ്രതിഷേധത്തിന് ഒരുങ്ങുന്നത്. കര്‍ഷക ആത്മഹത്യകള്‍ തടയുന്നതില്‍ സര്‍ക്കാര്‍ പരാജയമെന്ന് ചൂണ്ടിക്കാണിച്ചാണ് ഹര്‍ത്താല്‍ നടത്താന്‍ തീരുമാനം എടുത്തത്.
ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസ് നേതാക്കളെ കളക്ടറെ സമീപിച്ചു. മാര്‍ച്ച് ഒന്‍പതിനാണ് ഹര്‍ത്താന്‍ നടത്താന്‍ യുഡിഎഫ് നീക്കം നടത്തുന്നത്. ഹൈക്കോടതി മിന്നല്‍ ഹര്‍ത്താല്‍ നിരോധിച്ച ശേഷം ആദ്യമായാണ് ഒരു രാഷ്ട്രീയ പാര്‍ട്ടി അനുമതി നേടി കൊണ്ട് ഹര്‍ത്താല്‍ നടത്താനൊരുങ്ങുന്നത്. രണ്ട് മാസത്തിനിടെ ഇടുക്കി ജില്ലയില്‍ മൂന്ന് കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്.
പ്രളയവും ഇതേത്തുടര്‍ന്നുള്ള കാലാവസ്ഥ വ്യതിയാനവും നിമിത്തം ഹൈറേഞ്ചില്‍ കൃഷി വ്യാപകമായി നശിച്ചിരുന്നു. എന്നാല്‍ കര്‍ഷകരെ സഹായിക്കാനും കാര്‍ഷിക കടങ്ങള്‍ എടുതിത്തള്ളാനും സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കുന്നില്ലെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്. കഴിഞ്ഞ ജനുവരി ഏഴിനാണ് ഹൈക്കോടതി മിന്നല്‍ ഹര്‍ത്താല്‍ നിരോധിച്ചത്. ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നതിന് ഏഴ് ദിവസം മുമ്പ് നോട്ടീസ് നല്‍കണമെന്നും വ്യക്തമാക്കിയിരുന്നു.