തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് വിജിലന്‍സ് കോടതിയുടെ വിമര്‍ശനം. ബ്രൂവറി, ഡിസ്റ്റിലറി അഴിമതി കേസ് ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ പരാമര്‍ശം. ബ്രൂവറി, ഡിസ്റ്റിലറി ലൈസന്‍സില്‍ അഴിമതി നടന്നെന്നും ഇതില്‍ മുഖ്യമന്ത്രി പിണറായി വിജയനും എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണനും എതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്നുമാണ് ചെന്നിത്തലയുടെ ഹര്‍ജി.
നേരത്തെ ഹൈക്കോടതിയും ഗവര്‍ണറും നിരസിച്ച പരാതിയുമായി കോടതിയുടെ സമയം കളയണമോ എന്ന് വിജിലന്‍സ് ജഡ്ജി പ്രതിപക്ഷ നേതാവിന് വേണ്ടി ഹാജരായ അഭിഭാഷകനോട് ചോദിച്ചു. തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതിയാണ് വിമര്‍ശനം ഉന്നയിച്ചത്. കേസില്‍ ഈ മാസം 22-ന് വിശദമായ വാദം കേള്‍ക്കും. ഹൈക്കോടതി ഉത്തരവിന്റെ പകര്‍പ്പ് ഹാജരാക്കാന്‍ അഭിഭാഷകനോട് ആവിശ്യപ്പെട്ടു.
അന്വേഷണം ആവശ്യപ്പെട്ട് നാല് തവണ പ്രതിപക്ഷ നേതാവ് ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍ ഗവര്‍ണര്‍ ഈ ആവശ്യം തള്ളി. ശേഷം ഹൈക്കോടതിയില്‍ കേസെത്തിയപ്പോള്‍ ബ്രൂവറി അനുമതികള്‍ റദ്ദാക്കിയതായി സര്‍ക്കാര്‍ കോടതിയെ അറിയിക്കുകയും തുടര്‍ന്ന് കേസ് ഹൈക്കോടതി തീര്‍പ്പാക്കുകയായിരുന്നു.
Discussion about this post