റാന്നി: മഹാ പ്രളയത്തില്‍ കേരളം ഒറ്റക്കെട്ടായി നിന്നു.. എന്നാല്‍ ഇപ്പോള്‍ പ്രളയബാധിതരെ ഒറ്റപ്പെടുത്തുന്ന നിലപാടാണ് പത്തനംതിട്ട റാന്നി പഞ്ചായത്തില്‍ കാണുന്നത്. വാടകയും സേവന നികുതിയും അടക്കാത്തതിന്റെ പേരില്‍ റാന്നിയില്‍ വ്യാപാരികള്‍ക്ക് പഞ്ചായത്തിന്റെ ജപ്തി നോട്ടീസ്.
റാന്നി പഴവങ്ങാടി പഞ്ചായത്താണ് 50ലധികം വ്യാപാരികള്‍ക്ക് നോട്ടീസ് അയച്ചിരിക്കുന്നത്. പ്രളയ ബാധിതര്‍ക്ക് നേരെ ജപ്തി നടപടികളുണ്ടാകില്ലെന്ന് സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോഴാണ് തദ്ദേശ ഭരണ സ്ഥാപനം തന്നെ നോട്ടീസ് അയച്ചിരിക്കുന്നത്. ഏഴു ദിവസത്തിനകം പണം അടച്ചില്ലെങ്കില്‍ ജപ്തിയിലേക്ക് കടക്കുമെന്നാണ് ഇപ്പോള്‍ പഞ്ചായത്ത് സെക്രട്ടറിയുടെ പേരില്‍ ഇറക്കിയ നോട്ടീസില്‍ പറയുന്നത്.
എന്നാല്‍ നോട്ടീസ് വന്നതിന് പിന്നാലെ വ്യാപാരികള്‍ പഞ്ചായത്തിനെ സമീപിച്ചപ്പോള്‍ സര്‍ക്കാര്‍ ഉത്തരവിറക്കാത്തതിനാല്‍ കുടിശ്ശിക അടക്കമെന്നായിരുന്നു വിശദീകരണം. പ്രളയക്കെടുതിയില്‍ തകര്‍ന്ന വ്യാപാര മേഖല തിരിച്ചുവരുമ്പോള്‍ ജപ്തിയുമായി നീങ്ങുന്ന നടപടികള്‍ അവസാനിപ്പിക്കണമെന്ന് വ്യാപാരികള്‍ പറയുന്നു.
പ്രളയത്തെ തുടര്‍ന്ന് വ്യാപാര സ്ഥാപനങ്ങള്‍ അടിച്ചിടേണ്ടി വന്ന മാസങ്ങളിലെ വാടക കുടിശ്ശികയും, സേവന നികുതിയും അടക്കണമെന്ന് കാണിച്ചാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. 5000 മുതല്‍ 50000 വരെ കുടിശ്ശികയുള്ളവരാണ് ഇക്കൂട്ടത്തിലുള്ളത്.നേരത്തെ ജപ്തി നടപടികള്‍ ഉണ്ടാവില്ലെന്ന് പഞ്ചായത്ത് വ്യക്തമാക്കിയിരുന്നതാണ്.
പ്രളയത്തില്‍ സാധനങ്ങള്‍ നശിച്ച കടകാര്‍ക്ക് ഇന്‍ഷൂറന്‍സ് തുക നല്കാന് ഇനിയും ചില കമ്പനികള്‍ തയ്യാറാകുന്നില്ലെന്നും വ്യാപാരികള്‍ പറയുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി സര്‍ക്കാരിന് പല തവണ പരാതി നല്‍കിയിട്ടും ഫലമുണ്ടായിട്ടില്ല. പ്രളയത്തെ തുടര്‍ന്ന് അടച്ച് പൂട്ടിയ 40 ഓളം വ്യാപാര സ്ഥാപനങ്ങള്‍ റാന്നിയില്‍ ഇനിയും തുറന്നിട്ടില്ല.
Discussion about this post