ബീഹാര്‍: ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ നടത്തിയ വിവാദ പരാമര്‍ശങ്ങള്‍ക്ക് എതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസെടുക്കണമെന്ന് പരാതി. ബീഹാര്‍ സീതാമറിയിലെ പൊതുപ്രവര്‍ത്തകനായ ഥാക്കൂര്‍ ചന്ദന്‍ സിംഗാണ് അമിത് ഷായ്ക്ക് എതിരെ പരാതി നല്‍കിയത്.
സ്ത്രീകളെ ആക്രമിക്കുന്ന തരത്തിലുള്ളതും രാജ്യത്തിന്റെ ജനാധിപത്യ വ്യവസ്ഥിതിയെ വെല്ലുവിളിക്കുന്നതുമായിരുന്നു അമിത് ഷായായുടെ പ്രസ്താവനയെന്ന് പരാതിയില്‍ പറയുന്നു. കേസ് നവംബര്‍ ആറിന് കോടതി പരിഗണിക്കും.
ഐപിസി 124 എ, 120 ബി, 295 എന്നീ വകുപ്പുകളിലായി രാജ്യദ്രോഹകുറ്റം, ക്രിമിനല്‍ ഗൂഢാലോചന, മതത്തെയോ ജാതിയെയോ മുറിവേല്‍പിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തി എന്നീ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കണമെന്നാണ് പരാതിക്കാരന്റെ ആവശ്യം. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് അമിത് ഷാ ഇത്തരത്തില്‍ പരാമര്‍ശങ്ങള്‍ നടത്തിയതെന്നും പരാതി പറയുന്നുണ്ട്
നേരത്തെ അമിത് ഷാ കണ്ണൂരില്‍ നടത്തിയ പ്രസംഗം ഭരണാഘടനാവിരുദ്ധവും കോടതിയലക്ഷ്യവുമെന്ന് പ്രതിപക്ഷകക്ഷികള്‍ ആരോപിച്ചിരുന്നു. പ്രായോഗിക വിധികള്‍ മാത്രമെ സുപ്രീംകോടതി വിധിക്കാവൂ എന്ന രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ അധ്യക്ഷന്റെ പ്രസ്താവന ഭരണഘടനയോടും നീതിന്യായവ്യവസ്ഥയോടുമുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷം പറഞ്ഞു.